SPORTS
‘ചെന്നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തോളൂ, പക്ഷേ..’! ഇത് ‘ഹിറ്റ്മാൻ’ ആണ് മക്കളെ; രോ-കോ ഇല്ലാതെ എന്ത് ഏകദിനം?

എട്ടു വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ വച്ച് രോഹിത് ശർമ തന്നിലെ പോരാളിയെക്കുറിച്ച് പറഞ്ഞ ഒരു വാക്കുകളുണ്ട്, ‘‘എന്നെ ചെന്നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തോളൂ, ഞാൻ ആ കൂട്ടത്തെ നയിച്ചുകൊണ്ട് തന്നെ തിരിച്ചുവരും.’’ കാലം മാറിയിട്ടും ആ വാക്കുകളിലെ വീര്യം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ലോഡ്സിൽ കണ്ട കാഴ്ചകൾ. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ഏകദിനത്തിന് മുന്നോടിയായി, 39 വയസ്സുകാരനായ രോഹിതിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് വൻതോതിൽ പ്രചരിച്ചിരുന്നു. എന്നാൽ, വിമർശനങ്ങൾക്കും പുകമറകൾക്കും തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകി, വിരമിക്കൽ വാർത്തകളെ അതിർവരമ്പുകൾക്ക് അപ്പുറത്തേക്ക് അടിച്ചകറ്റുകയാണ് ‘ഹിറ്റ്മാൻ’ ചെയ്തത്.എന്നാൽ ഇതിൽ നിന്നെല്ലാം മാറി രോഹിത് ശർമ സൃഷ്ടിച്ചത് സ്വന്തമായ മറ്റൊരു പാരമ്പര്യമാണ്. ഇംഗ്ലിഷ് മണ്ണിൽ റൺസ് അടിച്ചു കൂട്ടുക എന്ന തന്റെ പതിവ് അദ്ദേഹം തെറ്റിച്ചില്ല. അവസാന ഏകദിനത്തിന് തൊട്ടുമുൻപ് വരെ രോഹിതിന്റെ അവസാന മത്സരമായിരിക്കും ഇതെന്ന് പല മാധ്യമങ്ങളും പ്രചരിപ്പിച്ചു. രോഹിതിന്റെ മാതാപിതാക്കൾ സ്റ്റേഡിയത്തിലുണ്ടെന്ന വാർത്തകൾ പോലും പുറത്തുവന്നു. അഭ്യൂഹങ്ങൾ അതിരുകടന്നപ്പോൾ ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്കിയയ്ക്ക് തന്നെ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നു – ‘‘ഇത് രോഹിതിന്റെ അവസാന മത്സരമല്ല.’’∙ ക്രിക്കറ്റിന്റെ കാവ്യനീതി: ഒരു മാസ്റ്റർക്ലാസ് സെഞ്ചറി ഇംഗ്ലണ്ട് മുന്നോട്ടുവച്ച 388 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരാൻ നായകൻ ശുഭ്മൻ ഗില്ലിനൊപ്പം ക്രീസിലിറങ്ങിയ രോഹിത്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി താൻ എന്താണോ ചെയ്തത് അത് തന്നെ ആവർത്തിച്ചു. ശാന്തമായി തുടങ്ങി, പിന്നീട് കളി കൈപ്പിടിയിലൊതുക്കുന്ന ശൈലി. തുടക്കത്തിലെ തടസ്സങ്ങളെല്ലാം മറികടന്ന് 69 പന്തിൽ 69 റൺസ് എന്ന നിലയിൽ നിന്ന് വെറും 100 പന്തിൽ 121 റൺസിലേക്ക് അദ്ദേഹം ഗിയർ മാറ്റി. അതായത്, 31 പന്തുകളിൽ നിന്ന് രോഹിത് അടിച്ചു കൂട്ടിയത് 52 റൺസ്! ഏകദിന ഫോർമാറ്റിൽ മികച്ച ബാറ്റിങ്.
Auto ⏭️


