BUSINESS
സ്റ്റാർബക്സ് വിറ്റത് ‘കോഫി മാത്രമല്ല’, നെറ്റ്ഫ്ളിക്സ് പഠിപ്പിച്ച പാഠം; ആധുനിക മാര്‍ക്കറ്റിങ്ങിലെ വിരോധാഭാസം

വിപണിയിൽ ഇത്രയധികം വിവരങ്ങള്‍ ലഭ്യമായ മറ്റൊരു കാലഘട്ടമില്ല. ഉപഭോക്താക്കളുടെ ഓരോ ക്ലിക്കുകളും, സ്വൈപ്പുകളും, സ്ക്രോളിംങും അവർ വാങ്ങുന്നതും വാങ്ങാതെ ഒഴിവാക്കുന്നതുമായ കാര്യങ്ങളും, റിവ്യൂകളും, സെർച്ച് ചെയ്യുന്ന വിവരങ്ങളും വരെ ഇന്ന് കൃത്യമായി ശേഖരിക്കപ്പെടുന്നു. ഓരോ പരസ്യപ്രചാരണങ്ങളും തത്സമയം നിരീക്ഷിക്കപ്പെടുന്നു. ഡിജിറ്റല്‍ ലോകത്തെ ഓരോ ചെറു വിരല്‍ സ്പര്‍ശവും ആയിരക്കണക്കിന് മെട്രിക്സുകള്‍ നിറഞ്ഞ ഡാഷ് ബോര്‍ഡിലേക്കാണ് കണക്കുകളായി നേരെ ചെന്നെത്തുന്നത്. .ഈ അവസ്ഥ വിപണനത്തെ പൂർണ്ണമായും പ്രവചന സാധ്യമാക്കേണ്ടതായിരുന്നു. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചാണ്. ഉപഭോക്താക്കളുടെ താല്പര്യങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കണ്ട് മുൻനിര ബ്രാൻഡുകൾ പോലും അന്തംവിടുകയാണ്. വിപണിയിൽ യാതൊരു മുൻപരിചയവുമില്ലാത്ത പുത്തൻ കമ്പനികൾ വന്ന് വൻകിട ബ്രാൻഡുകളെ തകിടം മറിക്കുന്നു. വലിയ ഗവേഷണങ്ങൾ നടത്തി വിപണിയിലിറക്കുന്ന ഉൽപന്നങ്ങള് പരാജയപ്പെടുമ്പോൾ, എവിടെ നിന്നോ വന്ന ചില ഉൽപന്നങ്ങള് പെട്ടെന്ന് തരംഗമാകുന്നു. ഇന്നലെവരെ വിശ്വസ്തരായിരുന്ന ഉപഭോക്താക്കൾ ഒറ്റരാത്രികൊണ്ട് മറ്റ് ബ്രാൻഡുകളിലേക്ക് ചേക്കേറുന്നു.ഇതൊരു വലിയ വിരോധാഭാസമാണ്; വിപണനത്തില്‍ ഡേറ്റയുടെ സാന്നിധ്യം വര്‍ദ്ധിച്ചെങ്കിലും ഉപഭോക്താക്കളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ കുറഞ്ഞു വരുന്നു. കമ്പനികളുടെ പക്കൽ വിവരങ്ങൾ ഇല്ലാത്തതല്ല പ്രശ്നം; മറിച്ച്, വെറും നിരീക്ഷണങ്ങളെ അവബോധമായും മൂല്യനിര്‍ണ്ണയത്തെ ദീര്ഘവീക്ഷണമായും തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടാകുന്നു.കൊഡാക്കിന്റെ പക്കൽ ഡേറ്റയുണ്ടായിരുന്നുബിസിനസ്സ് ലോകത്തെ ഏറ്റവും പ്രശസ്തമായ ഒരു പരാജയം ഈ വ്യത്യാസം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ഫോട്ടോഗ്രാഫിയെക്കുറിച്ച് അസാധാരണമായ അറിവുണ്ടായിരുന്ന കമ്പനിയായിരുന്നു കൊഡാക് . ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ക്യാമറ പ്രോട്ടോടൈപ്പുകളിൽ ഒന്ന് നിർമ്മിച്ചതും ഇതേ കൊഡാക് ആണെന്നത് മറ്റൊരു വൈരുദ്ധ്യം. ഫിലിം വിൽപ്പന, വിതരണം, നിർമ്മാണം, ഉപഭോക്തൃ ആവശ്യം എന്നിവയെക്കുറിച്ച് മറ്റാരേക്കാളും നന്നായി അവർക്കറിയാമായിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ മനോഭാവത്തിലുണ്ടായ ആഴത്തിലുള്ള മാറ്റം തിരിച്ചറിയാൻ അവർക്ക് സാധിച്ചില്ല.യഥാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് കമ്പം ഫിലിമിനോടായിരുന്നില്ല, മറിച്ച് ഓർമ്മകൾ സൂക്ഷിച്ചു വെക്കുന്നതിനോടായിരുന്നു. സാങ്കേതികവിദ്യ വികസിച്ചപ്പോൾ അതിന് കൂടുതൽ എളുപ്പമുള്ള മാർഗ്ഗങ്ങൾ വന്നു. ഉപഭോക്താവിന്റെ അടിസ്ഥാനപരമായ ആവശ്യം ഒന്നായിരുന്നിട്ടും, അവർ തിരഞ്ഞെടുത്ത വഴി മാറി. കൊഡാക്കിന് വിവരങ്ങളുടെ അഭാവമുണ്ടായിരുന്നില്ല. എന്നാല്‍ ഉപഭോക്താക്കള്‍ ശരിക്കും എന്തിനാണ് മൂല്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇതില്‍ നിന്ന് പഠിക്കേണ്ട പാഠം ഫോട്ടോഗ്രാഫിയില്‍ മാത്രം ഒതുങ്ങുന്നില്ല. കമ്പനികള്‍ തകരുന്നത് സ്പ്രെഡ്ഷീറ്റുകളിലെ കണക്കുകൾ നോക്കാത്തതുകൊണ്ടല്ല,മറിച്ച് മനുഷ്യന്റെ മാറുന്ന പെരുമാറ്റശീലങ്ങളെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ്.
Travel ⏭️


