NEWS

താടി നീട്ടി, ക്ഷീണിതനായി റാം, ‘ആത്മഹത്യയിൽ പങ്കില്ല’; പൊലീസിനെ വെട്ടിച്ചത് 3 മാസത്തോളം


കണ്ണൂർ ∙ മൂന്നു മാസത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഡോ.എം.കെ. റാം പിടിയിലായത് കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെ. ക്രൈംബ്രാഞ്ച് സംഘം ആഴ്ചകളോളം ആന്ധ്രാപ്രദേശിൽ അലഞ്ഞിട്ടും റാമിനെ പിടിക്കാൻ സാധിച്ചില്ല. ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അന്വേഷണ സംഘത്തിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം നേരിടേണ്ടി വരികയും ചെയ്തു. ഇതിന് പിന്നാലെയാണു ആന്ധ്രയിൽ നിന്നു കേരളത്തിലേക്ക് വരുന്നതിനിടെ കർണാടകയിലെ കുടകിൽ വച്ച് കഴിഞ്ഞ രാത്രിയിൽ റാം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. താടി നീട്ടി ക്ഷീണിതനായ അവസ്ഥയിലായിരുന്നു റാം. കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയിൽ ഹാജരാക്കും. ഡോ. റാമിന്റെ അറസ്റ്റ് ഇന്ന് രാവിലെ 9.20ന് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.വി. വേണുഗോപാൽ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കർണാടകയിലും ആന്ധ്രയിലും പല സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് റാം പറഞ്ഞത്. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെ റാമിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button