NEWS
നാഗാലാൻഡിൽ കനത്ത മഴ, ഉരുൾപൊട്ടൽ, വീടുകൾ ഒലിച്ചുപോയി; 4 മൃതദേഹങ്ങൾ കണ്ടെടുത്തു

കോഹിമ ∙ നാഗാലാൻഡിലെ മോൺ ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ കുട്ടികൾ ഉൾപ്പെടെ എട്ടുപേർ മരണപ്പെട്ടതായി സംശയം. ദുരന്തസ്ഥലത്തുനിന്ന് ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വൻ തോതിൽ മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവർത്തകർ. എന്നാൽ, ഉരുൾപൊട്ടലിനു പിന്നാലെ പ്രദേശത്തേക്ക് വലിയ തോതിൽ വെള്ളം കുത്തിയൊലിച്ചെത്തുന്നത് രക്ഷാപ്രവർത്തനത്തിനു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തദ്ദേശീയരായ സന്നദ്ധപ്രവർത്തകർ, പൊലീസ്, കരസേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായാണ് ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.
Fashion ⏭️


