NEWS
‘ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കരുത്, ക്രിമിനൽ നടപടി സ്വീകരിക്കണം’; അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി ∙ വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി അമിക്കസ് ക്യൂറി റിപ്പോർട്ട്. സംസ്ഥാന സർക്കാർ, പൊതുമരാമത്ത് വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവർ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കരുതെന്ന് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ അമിക്കസ് ക്യൂറി പറയുന്നു. ദുരന്തത്തിൽ പരിസ്ഥിതി അനുമതി വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടുണ്ടെന്നും നിർദേശങ്ങൾ പാലിക്കാതിരുന്ന ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ ക്രിമിനൽ നടപടികളും ദുരന്ത നിവാരണ നിയമപ്രകാരമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദുരന്തത്തിനു കാരണം കരാർ കമ്പനിക്ക് സംഭവിച്ച വീഴ്ചയാണെന്ന് ആരോപിച്ചുകൊണ്ടുള്ള റിപ്പോർട്ട് നേരത്തെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.ഈ മാസം ഏഴിന് വയനാട് ജില്ലയിലെ അനാക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ടക്കുഴൽ തുരങ്കപ്പാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തിൽ എട്ടു പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ജൂലൈയിൽ വലിയ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് ഈ തുരങ്ക കവാടം സ്ഥിതി ചെയ്യുന്നതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെ പരിസ്ഥിതി അനുമതി വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടുണ്ട്. തുരങ്ക നിർമാണത്തിനായി ഖനനം ചെയ്തെടുക്കുന്ന മണ്ണും പാറയുമെല്ലാം നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പൂർണമായും ലംഘിക്കപ്പെട്ടെന്ന് റിപ്പോർട്ട് പറയുന്നു. ഏകദേശം ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് മീനാക്ഷി പാലത്തിനു സമീപമുള്ള തുരങ്ക കവാടത്തിനടുത്ത് വലിയ കുന്നുകൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇത് ദുരന്തസാധ്യത വർധിപ്പിക്കുന്നു എന്ന് കാണിച്ച് വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 5 തവണ കത്തുകൾ നൽകിയിട്ടും അധികൃതരോ കോൺട്രാക്ടറോ ഇത് മാറ്റിയില്ലെന്നും റിപ്പോർട്ടിലുണ്ട്.പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥ പ്രകാരം തൊഴിലാളികളുടെ സുരക്ഷയ്ക്കായി മുകളിൽ നിന്നോ വശങ്ങളിൽ നിന്നോ മണ്ണും പാറയും ഇടിഞ്ഞുവീഴാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു. മരിച്ചവരിൽ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരും മൺകൂന പരിശോധിക്കാൻ പോയ ജീവനക്കാരും ഉൾപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് സാങ്കേതിക അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. പദ്ധതിക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ‘കോൺട്രാക്ടേഴ്സ് ഓൾ റിസ്ക്സ്’ ഇൻഷ്വറൻസ് പോളിസി ഹാജരാക്കാൻ നിർദേശിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും പൊതുമുതൽ നശിച്ചതിനും (മീനാക്ഷി പാലം തകർന്നത് ഉൾപ്പെടെ) നഷ്ടപരിഹാരം ഉറപ്പാക്കാൻ ഇൻഷ്വറൻസ് കമ്പനിയെ സമയബന്ധിതമായി വിവരമറിയിക്കണം. ദുരന്തം പ്രകൃതിദത്തമാണെന്ന് സ്ഥാപിക്കാൻ കമ്പനി ശ്രമിച്ചാൽ ഇൻഷ്വറൻസ് തുക ലഭിക്കില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Fashion ⏭️


