NEWS
അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ സതീശൻ; ‘മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുന്നത് എന്റെ രാഷ്ട്രീയം, അദ്ദേഹം കണ്ടോ എന്നറിയില്ല’

കൊച്ചി ∙ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത പരസ്യമാക്കി കൊച്ചിയിലെ പൊതുവേദി. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. സതീശനും അലോഷ്യസ് സേവ്യറും പൂർവവിദ്യാർഥികളായ കലാലയമാണ് തേവര എസ്.എച്ച്. കോളജ്.സതീശൻ പങ്കെടുത്ത ചടങ്ങിന്റെ മുൻനിരയിൽ തന്നെ അലോഷ്യസ് സേവ്യർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാനായി മറ്റുള്ളവർക്കൊപ്പം അലോഷ്യസ് സേവ്യറും അടുത്തേക്ക് നീങ്ങി നിന്നു. എന്നാൽ തന്റെ അടുക്കൽ നിന്ന മറ്റു ചിലരോട് സംസാരിച്ച് സതീശൻ വേഗത്തിൽ മുന്നോട്ടുപോവുകയായിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയുടെ നിലപാട് വിശദീകരിക്കാൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും ലഭിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.തന്റെയും സംഘടനയുടെയും ആശങ്കകൾ കെപിസിസി നേതൃത്വത്തോട് പങ്കുവയ്ക്കുമെന്ന് അലോഷ്യസ് വ്യക്തമാക്കി. തങ്ങളെ കേൾക്കാൻ പാർട്ടി തയാറാണെന്ന് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ഈ സർക്കാരിനെയെോ മുഖ്യമന്ത്രിയെക്കുറിച്ചോ പരസ്യമായി പറയുന്നത് ശരിയല്ല. കെപിസിസിയുടെ മുന്നിൽ, സർക്കാരിന്റെ മുന്നിൽ കാര്യങ്ങൾ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ ശൈലിയെ ചോദ്യം ചെയ്യുകയോ പ്രവര്ത്തികളെ വിമർശിക്കുകയോ ചെയ്യേണ്ട ആളല്ല താൻ. സ്വതന്ത്രമായ നിലപാട് പറയാനും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും ഈ പാർട്ടി അവകാശം തരുന്നുണ്ട്. ഇതൊരു ജനാധിപത്യ പ്രസ്ഥാനമാണ്. അതുപോലെ പറഞ്ഞതെല്ലാം വിമർശനങ്ങളാണ് എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ട് എങ്കിൽ ആ വിമർശനത്തിൽ തന്റെ നേതാവ് വി.ഡി.സതീശനാണ് എന്നും അലോഷ്യസ് പറഞ്ഞു. ഒരു സർക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ആ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ തന്റെ നേതാവ് സതീശനാണെന്നും തനിക്ക് അതിൽ അപമാനമില്ലെന്നും കെഎസ്യു അധ്യക്ഷൻ പ്രതികരിച്ചു.
Fashion ⏭️


