മലബാർ സിമന്റ്സുമായി ചേർന്ന് കൊച്ചിൻ പോർട്ടിൽ ടാറ്റയുടെ കപ്പൽ നിർമ്മാണ യൂണിറ്റ്; നടപടി തുടങ്ങിയതായി മുഖ്യമന്ത്രി

മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: മലബാർ സിമന്റ്സും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനിയറിംഗും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിൻ പോർട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആധുനികമായ ഷിപ്പ് ബിൽഡിംഗ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
‘മിഷൻ സമുദ്ര’ കേവലം ഒരു കപ്പൽ നിർമ്മാണ യൂണിറ്റിലൊതുങ്ങുന്ന പദ്ധതിയല്ല. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയെ ഉൾപ്പെടുത്തി കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനിയറിംഗ്, തീരദേശ നിർമ്മാണ യൂണിറ്റുകൾ, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ എന്നിവയ്ക്കായുള്ള സമഗ്ര വികസന പദ്ധതിയാണ് നടപ്പാക്കുക. രാജ്യത്തെയും വിദേശത്തെയും പ്രമുഖ നിക്ഷേപകരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മികച്ച നിക്ഷേപം സമീപഭാവിയിൽ സംസ്ഥാനത്തുണ്ടാവും. നിക്ഷേപ പദ്ധതികൾ അന്തിമഘട്ടത്തിലാകുമ്പോൾ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
കേരളത്തെ രാജ്യത്തെ പ്രമുഖ സമുദ്രാധിഷ്ഠിത സമ്പദ് വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം. അതിലൂടെ തൊഴിലവസരങ്ങളും വ്യവസായ വളർച്ചയും സൃഷ്ടിക്കും. മിഷൻ സമുദ്രയ്ക്കായി നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. ആഗോള നിലവാരത്തിലുള്ള മത്സരക്ഷമമായ മാരിടൈം മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കും. അതുവഴി സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
10,000 കോടി ആകെ നിക്ഷേപ വ്യാപ്തി
വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയാണ് 10,000 കോടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചെന്നല്ല മുഖ്യമന്ത്രി മാദ്ധ്യമ അഭിമുഖത്തിൽ പറഞ്ഞത്. മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമ്മാണ, സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകർഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
English Summary
Chief Minister V.D. Satheeshan announced steps by Malabar Cements and Artison Engineering, a Tata Projects group company, to establish a shipbuilding unit at Cochin Port. Key permits are secured, and land has been provided. This is part of ‘Mission Samudra,’ a broader initiative to develop a comprehensive maritime ecosystem in Kerala, aiming to attract ₹10,000 crore total investment across various projects.


