NEWS
ലഹരിമരുന്ന് കച്ചവടക്കാര്‍ക്കിടയിലെ ‘ദാദ’; നയിച്ചത് ആഡംബര ജീവിതം, ഷെഫീഖുൽ ഇസ്‌ലാമിനേയും പൂട്ടി ഓപ്പറേഷൻ തൂഫാൻ

കൊച്ചി ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അസം നാഗൗൺ സ്വദേശി ഷെഫീഖുൽ ഇസ്‌ലാം (38) ആണ് അറസ്റ്റിലായത്. നേരത്തെ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കിടയിൽ ദാദ എന്ന പേരിലാണ് ഷെഫീഖുൽ ഇസ്‌ലാം അറിയപ്പെട്ടിരുന്നത്. പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്തു വരികയായിരുന്ന ഇയാൾ പിന്നീട് ആക്രി കച്ചവടത്തിലേക്ക് വഴിമാറി. പിന്നിടാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഷെഫീഖുൽ ഇസ്‌ലാം ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അസമിലേക്കും കൊച്ചിയിലേക്കും വിമാനമാർഗമാണ് സഞ്ചരിച്ചിരുന്നത്. അസമിൽ നിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്. ചെറിയ ബോട്ടിലുകളിൽ ഹെറോയിൻ നിറച്ച്, ഒരു ബോട്ടിലിന് ആയിരം രൂപ നിരക്കിലും വിൽപ്പന നടത്തിയിരുന്നു.
Fashion ⏭️


