NEWS
യുഎസ് ടെക് ഭീമന്റെ ഓഹരിയിൽ കൂട്ടക്കുരുതി; 60 വർഷത്തെ ഏറ്റവും വമ്പൻ വീഴ്ച, 7 ലക്ഷം കോടി പോയി, മുറിവേറ്റ് ഇന്ത്യൻ കമ്പനികളും

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ, അമേരിക്കൻ ഭീമൻ ഐബിഎമ്മിന്റ ഓഹരികളിൽ വമ്പൻ തകർച്ച. 26 ശതമാനമാണ് യുഎസ് വിപണിയിൽ ഒറ്റദിവസം ഇടിഞ്ഞത്. 60 വർഷത്തിനിടെയുള്ള ഏറ്റവും വലിയ നഷ്ടം. കമ്പനിയുടെ വരുമാനം പ്രതീക്ഷിച്ചതിനേക്കാൾ കൂപ്പുകുത്തുമെന്ന് ഐബിഎം തന്നെ സമ്മതിച്ചതോടെയാണ് ഓഹരികൾ ചോരപ്പുഴയായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) കാലത്ത് കമ്പനികൾ സോഫ്റ്റ്‍വെയറുകളിൽ നിക്ഷേപിക്കാൻ തയാറാകുന്നില്ലെന്ന് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ ചൂണ്ടിക്കാട്ടിയതും നിർണായകമായി. ഇതോടെ ഇന്ത്യൻ ഐടി ഓഹരികളും കടുത്ത വിൽപന സമ്മർദത്തിലായി. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തോളം താഴെപ്പോയി. പ്രധാന ഐടി കമ്പനികളെല്ലാം നഷ്ടത്തിലാണ്. ടെക് മേഖലയിൽ നിക്ഷേപിക്കാനായി മാറ്റിവച്ച പണം കമ്പനികൾ സെർവറുകൾ, മെമ്മറി ചിപ്പുകൾ, സ്റ്റോറേജ് തുടങ്ങിയവയിലാണ് മുടക്കുന്നതെന്ന് അരവിന്ദ് കൃഷ്ണ നിക്ഷേപകർക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഇത് ഐബിഎമ്മിന്റെ സോഫ്റ്റ്‍വെയർ, ഇൻഫ്രാസ്ട്രക്ചർ ബിസിനസിൽ നിന്നുള്ള വരുമാനത്തെ സാരമായി ബാധിച്ചു. ഈ മാറ്റം മനസിലാക്കുന്നതിൽ ഐബിഎമ്മിന് വീഴ്ചയുണ്ടായി. പല കമ്പനികളുമായും കൃത്യ സമയത്ത് കരാറിലെത്താൻ ഐബിഎമ്മിന് കഴിഞ്ഞില്ലെന്നും കത്തിലുണ്ട്. ഐബിഎമ്മിന്റെ നഷ്ടക്കാറ്റ് ഇന്ത്യൻ ഐടി ഓഹരികളെയും സാരമായി ഉലച്ചു. ഇൻഫോസിസും വിപ്രോയും ഒരു ശതമാനം വീതം നഷ്ടത്തിലായി. പെർസിസ്റ്റന്റ് സിസ്റ്റംസ്, ടിസിഎസ് എന്നിവ അരശതമാനവും ഇടിഞ്ഞു.യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതാണ് വലിയ ഇടിവിൽ നിന്ന് രക്ഷിച്ചത്. പണപ്പെരുപ്പം കുറഞ്ഞത് യുഎസിൽ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും ഇടിച്ചിട്ടുണ്ട്. ഇത് ഇന്ത്യ പോലുള്ള വിപണികളിലേക്ക് കൂടുതൽ വിദേശ നിക്ഷേപമെത്തിക്കുമെന്നാണ് പ്രതീക്ഷ.
Fashion ⏭️


