LIFESTYLE
ഇന്ത്യൻ ഭവനവിപണിയുടെ ഭാവി എങ്ങോട്ട്? ആശങ്കയ്ക്ക് വകയുണ്ടോ? 2026 ആദ്യപകുതിയുടെ റിപ്പോർട്ട് പറയുന്നത്…

2026 ന്റെ ആദ്യപകുതി പിന്നിടുമ്പോൾ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മേഖല സ്ഥിരത നിലനിർത്തുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ട് റസിഡൻഷ്യൽ വിപണികളുടെ കണക്കുകൾ പരിശോധിച്ച് പ്രോപ്പർട്ടി കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം ഇതുവരെ ഒന്നേമുക്കാൽ ലക്ഷത്തിനടുത്ത് വീടുകൾ വിറ്റുപോയി എന്നാണ് കണക്ക്.വാർഷികാടിസ്ഥാനത്തിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ വില്പനയിൽ ഒരു ശതമാനം വർധന ഉണ്ടായിട്ടുണ്ട്. ആകെ 171,471 ഭവന യൂണിറ്റുകളാണ് എട്ടു നഗരങ്ങളിലായി 2026ൽ വിറ്റുപോയത്. കഴിഞ്ഞവർഷം ഇതേസമയം വിറ്റുപോയ യൂണിറ്റുകളുടെ എണ്ണം 170,201 ആയിരുന്നു. നഗരങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ ഏറ്റവും വലിയ ഭവന വിപണി എന്ന സ്ഥാനം മുംബൈ തന്നെ നിലനിർത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 47,355 വീടുകളുടെ വില്പന നഗരത്തിൽ നടന്നു. മുംബൈയിലെ ഭവന വില്പനയിലും മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വർധന തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം ഏറ്റവും വേഗത്തിൽ വളരുന്ന ഭവന വിപണി ബെംഗളൂരുവാണ്. അഞ്ച് ശതമാനം വില്പന വളർച്ചാ നിരക്കാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക രംഗം കൂടുതൽ ശക്തി പ്രാപിച്ചതോടെ നഗരത്തിലേക്ക് താമസം മാറ്റാൻ ഐടി മേഖലയിലുള്ളവർ താൽപര്യം കാണിച്ചതിന്റെ ഫലമാണിത്. പുണെ, ഡൽഹി എൻസിആർ, ഹൈദരാബാദ്, ചെന്നൈ അഹമ്മദാബാദ്, കൊൽക്കത്ത എന്നീ നഗരങ്ങളാണ് നൈറ്റ് ഫ്രാങ്ക് താരതമ്യ പഠനത്തിനായി തിരഞ്ഞെടുത്ത മറ്റു നഗരങ്ങൾ. ഇവയിൽ ഡൽഹി എൻസി ആറിൽ മാത്രമാണ് ഭവന വില്പനയിൽ ഇടിവുണ്ടായിരിക്കുന്നത്. പ്രതിവർഷ കണക്കിൽ വില്പനയിൽ ഏഴ് ശതമാനം കുറവ് ഡൽഹി എൻസിആറിൽ ഉണ്ടായിട്ടുണ്ട്. 24,862 ഭവന യൂണിറ്റുകളാണ് ഇതുവരെ പ്രദേശത്ത് വിറ്റുപോയിട്ടുള്ളത്. ഭവന വില്പനയുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും പ്രീമിയം ഭവന വിപണിയിൽ എൻസിആർ ആധിപത്യം സ്ഥാപിച്ചു. 2 കോടി മുതൽ 20 കോടി വരെവിലയുള്ള വീടുകൾ ഏറ്റവും അധികം വിറ്റു പോയിരിക്കുന്നത് ഇവിടെയാണ്.പ്രീമിയം, ഇടത്തരം വരുമാന വിഭാഗങ്ങളിലുടനീളം ഉപയോക്തൃ ഡിമാൻഡ് സുസ്ഥിരമായി നിലനിന്നതാണ് മുംബൈയ്ക്ക് ഗുണകരമായത്. സാമ്പത്തിക അടിത്തറയും തുടർച്ചയായ അടിസ്ഥാന സൗകര്യ വികസനവും മൂലം പൂനെയും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്. 24,890 വീടുകളാണ് ഇവിടെ വിറ്റു പോയത്.
Cinema ⏭️


