AUTO

ബസിനുള്ളിൽ അടുക്കളയും ടോയ്‌ലറ്റും, മദ്യപിച്ചാൽ വണ്ടി സ്റ്റാർട്ടാവില്ല! ഞെട്ടിക്കുന്ന ഫീച്ചറുകളുമായി പുത്തൻ വോൾവോ കോച്ച്


ഇന്ത്യയിലെ ആദ്യ ഫാക്ടറി നിര്‍മിത വോള്‍വോ 9600 സീറ്റര്‍ സ്ലീപ്പര്‍ ബസ് വിപണിയില്‍. അന്തര്‍ സംസ്ഥാന ദൂരയാത്രകള്‍ക്കും വിനോദ സഞ്ചാര-തീര്‍ഥാടന യാത്രകള്‍ക്കും പുതിയൊരു ആഡംബര അനുഭവം സമ്മാനിച്ചുകൊണ്ടാണ് വോള്‍വോ അവരുടെ പ്രീമിയം മോഡലായ വോള്‍വോ 9600ന്റെ സീറ്റര്‍ സ്ലീപ്പര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ബസ് ബോഡി ബില്‍ഡര്‍മാരെക്കൊണ്ട് ചെയ്‌തെടുക്കുന്ന രീതിയില്‍ നിന്നും മാറി വോള്‍വോ തന്നെ അവരുടെ ഫാക്ടറിയില്‍ നിര്‍മിച്ചു നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സീറ്റര്‍ സ്ലീപ്പര്‍ കോച്ചാണിത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന പ്രവാസ് 5.0 ട്രാന്‍സ്‌പോര്‍ട്ട് സമ്മിറ്റിലാണ് ഈ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. ദീര്‍ഘദൂരയാത്രകള്‍ക്ക് അനുയോജ്യമായി നിര്‍മ്മിച്ചതിനാല്‍ വാഹനത്തിനുള്ളില്‍ തന്നെ ചെറിയ അടുക്കളയും ആധുനിക ടോയ്‌ലറ്റ് സംവിധാനവുമുണ്ട്. യാത്രികര്‍ക്ക് മൂഡ്‌ലൈറ്റിങ്, മികച്ച പ്രൈവസി പാര്‍ട്ടീഷനുകള്‍, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, വിനോദ സംവിധാനങ്ങള്‍ എന്നിവയും കാബിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വലിയ ബാഗുകള്‍ സൂക്ഷിക്കുന്നതിന്  വാഹനത്തിന്റെ അടിഭാഗത്തായി 6 ക്യുബിക് മീറ്റര്‍ വിസ്തീര്‍ണമുള്ള വലിയ ലഗേജ് സ്‌പേസും നല്‍കിയിട്ടുണ്ട്. വോള്‍വോയുടെ പ്രസിദ്ധമായ 15 മീറ്റര്‍ നീളമുള്ള ത്രീ ആക്‌സില്‍ 9600 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ആഡംബര വാഹനം ഒരുക്കിയിട്ടുള്ളത്. ബെംഗളുരുവിന് സമീപത്തെ വോള്‍വോ ഹോസ്‌കോട്ട് അത്യാധുനിക നിര്‍മാണ ശാലയിലാണ് ഈ പ്രീമിയം ബസുകള്‍ നിര്‍മിക്കുക. മികച്ച പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും നല്‍കുന്ന വോള്‍വോ VEDX8 എന്‍ജിനാണ് വാഹനത്തിലുള്ളത്. വോള്‍വോയുടെ പ്രശസ്തമായ ഐ ഷിഫ്റ്റ് ഓട്ടമേറ്റഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 540 ലീറ്ററിന്റെയാണ് ഡീസല്‍ ടാങ്ക്.  15 മീറ്റര്‍ നീളവും 2.6 മീറ്റര്‍ വീതിയും 8.350 മീറ്റര്‍ വീല്‍ബേസുമുള്ള വാഹനത്തിന്റെ ഭാരം 22,200 കിലോഗ്രാം വരും. ഇത്രയും നീളമുള്ള വാഹനം റോഡുകളിലൂടെയും ഹെയര്‍പിന്‍ വളവുകളിലൂടെയും എളുപ്പം കൊണ്ടുപോവാന്‍ പിന്നില്‍ സ്റ്റിയറബിള്‍ ടാഗ് ആക്‌സില്‍ നല്‍കിയിട്ടുണ്ട് വോള്‍വോ. വാഹനത്തിന്റെ മൂന്ന് ആക്‌സിലുകളിലും ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് എയര്‍ സ്പ്രിങ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ബസിന്റെ ഭാരവ്യത്യാസങ്ങള്‍ക്കനുസരിച്ച് വാഹനത്തിന്റെ ഉയരം കൃത്യമായ നിലനിര്‍ത്താനും യാത്രികര്‍ക്ക് കുലുക്കമില്ലാത്ത യാത്രഉറപ്പാക്കാനും സഹായിക്കും. മികച്ച സുരക്ഷാ സൗകര്യങ്ങളാണ് മറ്റൊരു സവിശേഷത. ഇത്രയും നീളമുള്ള വാഹനം തിരിക്കുമ്പോഴും പാര്‍ക്ക് ചെയ്യുമ്പോഴും ഡ്രൈവര്‍ക്ക് ചുറ്റുമുള്ള കാഴ്ച്ചകള്‍ വ്യക്തമായി കാണാന്‍ 360 ഡിഗ്രി ക്യാമറ സഹായിക്കും. ക്യാമറ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് മിററുകളാണ് വാഹനത്തിലുള്ളത്. ഇത് ഡ്രൈവറുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എത്ര മോശം കാലാവസ്ഥയിലും ഇത് മികച്ച് കാഴ്ച്ച ഉറപ്പാക്കുന്നുണ്ട്. 


Sports ⏭️

Back to top button