NEWS
നാഗാലാൻഡിൽ സ്ഫോടനം, ജവാന് വീരമൃത്യു, 4 പേർക്ക് പരുക്ക്; അസം റൈഫിൾസിന്റെ വാഹനം തകർന്നു

കോഹിമ ∙ നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. നാല് ജവാന്മാർക്ക് ഗുരുതരമായി പരുക്കേറ്റു. അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സുഖോവിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. അസം റൈഫിൾസിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തു കൂടെ കടന്നുപോകുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചതായി കോഹിമയിലെ ഡിഫൻസ് പിആർഒ സ്ഥിരീകരിച്ചു. അസം റൈഫിൾസിന്റെ വാഹനം സ്ഫോടനത്തിൽ തകർന്നു. പരുക്കേറ്റ മറ്റ് നാല് ജവാന്മാരെ ഉടൻ സമീപത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തീവ്രവാദികൾ സ്ഥാപിച്ച ഐഇഡി ബോംബാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
Fashion ⏭️


