NEWS
30,000 പേര്‍ സാക്ഷി: യുവതിക്ക് പരസ്യ വധശിക്ഷ; സർമിന യഥാർഥത്തിൽ കുറ്റക്കാരിയാണോ?, ഉത്തരമില്ലാതെ 27 വർഷങ്ങൾ

കാബൂൾ∙ 30,000 പേരുടെ മുന്നിലൂടെ 35 വയസ്സുകാരിയായ യുവതി നടന്ന് വരുമ്പോൾ താലിബാൻ ശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പിലായിരുന്നു. പൊലീസുകാരനായ ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന സർമിനയുടെ വധശിക്ഷ നടപ്പാക്കുന്നതിനാണ് കാബൂളിലെ ഒളിംപിക് സ്‌റ്റേഡിയം അന്ന് ഒരുങ്ങിയിരുന്നത്. ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതിനെ തുടർന്നാണ് താൻ കൃത്യം നടത്തിയതെന്നാണ് സർമിനയുടെ ഭാഷ്യം. 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മനുഷ്യമനസ്സിൽ മായാതെ നിൽക്കുകയാണ് ആ ‘പരസ്യവധശിക്ഷ’. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ ഇത്തരത്തിൽ പല തവണ പരസ്യമായി വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്നത് ചരിത്രം.യുവതിയെ സായുധരായ സൈനികർ വളഞ്ഞ് നിന്നാണ് ഫുട്‌ബോൾ മൈതാനത്തിലൂടെ നടത്തിക്കൊണ്ടുവന്നത്. പിന്നീട് ഗോൾപോസ്റ്റിന് സമീപത്ത് യുവതിയെ മുട്ടുകുത്തി നിർത്തിച്ചു. തുടർന്ന് ഭർതൃസഹോദരൻ യുവതിയുടെ തലയിലേക്ക് നിറയൊഴിച്ചു. തൽക്ഷണം ഇവർ മരിച്ചു വീണതിന് 30,000 പേർ സാക്ഷികളാണ്. ഏഴ് കുട്ടികളുടെ അമ്മയായ യുവതിയെ ഇത്തരത്തിൽ പരസ്യമായി വധിച്ചത് പിന്നീട് മനുഷ്യാവകാശപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിധേയമായി. 1999ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ ഒരാൾ രഹസ്യമായി പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് രാജ്യാന്തര വേദികളിൽ ചർച്ചയായി.കേസ് ഇതുവരെ ശാസ്ത്രീയമായി അന്വേഷിക്കാത്തതും കുറ്റം സമ്മതിപ്പിച്ച് മർദിച്ചതാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. സർമിന യഥാർഥത്തിൽ കുറ്റക്കാരിയാണോ എന്നത് പോലും ഇന്നും ദുരൂഹമായി തുടരുകയാണ്.
Fashion ⏭️


