NEWS

ഓപ്പറേഷൻ തൂഫാൻ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന, മൂന്നംഗ സംഘം പിടിയിൽ


കോഴിക്കോട് ∙ കൊടുവള്ളിയിൽ മാരക രാസ ലഹരിയായ എംഡിഎംഎ വിൽപന നടത്തിവന്ന മൂന്നു പേരെ പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനം പുറം വീട്ടിൽ ജിസാർ (40), പാലക്കുന്നുമ്മൽ മുഹമ്മദ് ജൈസൽ (34), താമരശ്ശേരി തച്ചംപൊയിൽ കമ്പിന്റെ അകായിൽ ശ്രീനു (27) എന്നിവരെയാണ് ശനിയാഴ്ച രാത്രി 11 ന് വാവാട് വച്ച് 36.20 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവർ ലഹരി വിൽപന നടത്തുന്നതായി കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിനു ലഭിച്ച വിവരത്തെ തുടർന്ന് ഇവർ ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പിടികൂടിയ ലഹരിമരുന്നിന് ഒന്നര ലക്ഷത്തോളം രൂപ വില വരും.കാറിലെ ഡ്രൈവർ സീറ്റിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാൻ ലഹരി വേട്ടയോടനുബന്ധിച്ച് കണ്ണൂർ റേഞ്ച് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ കുടുങ്ങിയത്. പിടിയിലായ മുഹമ്മദ് ജൈസൽ രണ്ടു വർഷം മുൻപ് 60 ഗ്രാം എംഡിഎംഎയുമായി ഓമശ്ശേരിയിൽ ലോഡ്ജിൽ വച്ച് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായ ആളാണ്. ആ കേസിൽ രണ്ടു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പിടിയിലായ ജിസാറിനെയും മുൻപ് കൊടുവള്ളിയിൽ 5 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ലഹരി വിൽപനക്കാരിൽ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.


Source link

Back to top button