NEWS

സുകുമാരക്കുറുപ്പ് ജീവനോടെ ബ്രൂണയ്‌യിൽ? ജോലി നിർമാണമേഖലയിൽ; പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം


തിരുവനന്തപുരം ∙ ഒളിവുജീവിതത്തിനിടെ മരിച്ചെന്ന നിഗമനത്തിൽ കേരള പൊലീസ്; ‍വിദേശത്ത് ജീവനോടെയുണ്ടെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ – ഇടവേളയ്ക്കുശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ തിരോധാനം. കടുത്ത ഹൃദ്രോഗബാധിതനായിരുന്ന സുകുമാരക്കുറുപ്പ് ഇത്രയുംകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് പുതുതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. 42 വർഷമായി വട്ടംകറക്കുന്ന കേസ്, അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് അന്വേഷണസംഘത്തിൽ മുൻപ് അംഗമായിരുന്ന പൊലീസുകാരൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുകുമാരക്കുറുപ്പ് ബ്രൂണയ്‌യിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലിചെയ്യുകയാണെന്നും റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അലി അക്‌ബർ പറഞ്ഞു. വിദേശത്തുള്ള ഭാര്യയുമായും മറ്റുബന്ധുക്കളുമായും കുറുപ്പ് ബന്ധപ്പെടാറുണ്ടെന്നും അലി അക്‌ബർ പറയുന്നു. ഇൻഡോ – മലേഷ്യൻ വംശജനെന്ന വ്യാജേനയാണു കുറുപ്പ് അവിടെ കഴിയുന്നത്.  ഉന്നത രാഷ്ട്രീയ, സമുദായ നേതാക്കളുമായി കുറുപ്പിനു ബന്ധമുണ്ടെന്നും അവരുടെ സമ്മർദം കാരണമാണ് ഇതുവരെ പിടികൂടാതിരുന്നതെന്നും അലി അക്‌ബർ ആരോപിച്ചു.  കുറുപ്പിന്റേതെന്നു പറഞ്ഞ് ഒരു ചിത്രവും അലി അക്‌ബർ മാധ്യമങ്ങൾക്കു കൈമാറി.1989ൽ നെഞ്ചുവേദനയെത്തുടർന്ന് സുകുമാരക്കുറുപ്പിനെ ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നെന്നും അന്ന് അവിടെ നഴ്സിങ് വിദ്യാർഥിയായിരുന്ന താൻ കുറുപ്പുമായി സംസാരിച്ചെന്നും രത്നമ്മ മൊഴി നൽകിയിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 83 വയസ്സ് ഉണ്ടാകുമെന്നും ഹൃദ്രോഗബാധിതനായിരുന്നതിനാൽ ഇത്രയുംകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.


Fashion ⏭️

Back to top button