NEWS

മാടാക്കര പള്ളിയിൽ സംഘർഷം: പൊലീസ് ലാത്തി വീശി

വടകര: കണ്ണൂക്കര മാടാക്കര മുസ്ലിം പള്ളിയിൽ ഭരണ സമിതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം. ഖത്തീബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പൊലീസെത്തി ലാത്തിവീശി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. രണ്ടു വർഷത്തോളമായി പ്രശ്നം തുടങ്ങിയിട്ട്.

നിലവിൽ അബ്ദുറഹ്മാൻ ഫൈസി പൊന്മളയാണ് ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. തർക്കം രൂക്ഷമായതിനെ തുടർന്ന് പാണക്കാട് കുടുംബം ഇടപെടുകയും കഴിഞ്ഞ റംസാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നൽകിക്കൊണ്ട് താത്കാലിക പരിഹാരമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനുശേഷവും അദ്ദേഹം തന്നെ ഖത്തീബായി തുടർന്നതാണ് പ്രശ്നത്തിന് കാരണം.

നബിദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി പള്ളിയിൽ മൗലൂദ് പാരായണമുണ്ടായിരുന്നു. നിലവിലെ ഖത്തീബ് ഇതിന് നേതൃത്വം നൽകിയതിനെ ഒരു വിഭാഗം ചോദ്യം ചെയ്തു. ഇദ്ദേഹത്തെ പള്ളിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം തന്നെ ചടങ്ങുകൾക്ക് നേതൃത്വം നൽകണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമായി. ചോമ്പാല പൊലീസ് പള്ളിയിൽ കയറി ഇരുവിഭാഗങ്ങൾക്കും നേരെ ലാത്തി വീശി. ഇതോടെ രംഗം ശാന്തമായെങ്കിലും വിശ്വാസികൾ രോഷത്തിലാണ്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് കാവലുണ്ട്.

Read News ⏭️

Back to top button