NEWS
35 സീറ്റുള്ള കെഎസ്ആർടിസി ബസിലുണ്ടായിരുന്നത് 80 യാത്രക്കാർ; പൊന്മുടി ഇറക്കത്തിൽ നിയന്ത്രണംവിട്ടു, വഴിമാറിയത് വൻദുരന്തം

ആര്യനാട് ∙ ഉൾക്കൊള്ളാവുന്നതിലധികം യാത്രക്കാരുമായി പൊന്മുടിയിൽ നിന്ന് ഇറക്കം ഇറങ്ങുകയായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടമായതിനെ തുടർന്നു നിയന്ത്രണം വിട്ടു, ഡ്രൈവർ സാഹസികമായി റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം. 35 സീറ്റുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസിൽ 80 യാത്രക്കാരുണ്ടായിരുന്നു. പൊന്മുടി ആറാം വളവിൽ ഇന്നലെ വൈകിട്ട് 5.10ന് ആയിരുന്നു അപകടം. ബ്രേക്ക് നഷ്ടമായെന്നു മനസ്സിലാക്കിയ ഡ്രൈവർ ബി.ബിജുവിന്റെ മനസ്സാന്നിധ്യമാണ് ദുരന്തം ഒഴിവാക്കിയത്. ബസ് തിരുവനന്തപുരത്തേക്കു വരികയായിരുന്നു.വൈകിട്ട് നാലരയോടെ പുറപ്പെട്ട ബസിൽ, മടക്കയാത്രയ്ക്കു ബസുകൾ കുറവായതിനാൽ 80 യാത്രക്കാർ തിക്കിത്തിരക്കി കയറുകയായിരുന്നു. ആറാം വളവിൽ എത്തുന്നതിനു തൊട്ടുമുൻപാണ് ബ്രേക്ക് നഷ്ടമായെന്നു മനസ്സിലയതെന്ന് ഡ്രൈവർ ബിജു പറഞ്ഞു. നിയന്ത്രണം വിട്ട ബസിനെ റോഡ് വക്കിൽ കിടന്ന തടിക്കഷണങ്ങളുടെ ഇടയിലൂടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബസ് നിർത്തിയ ഉടൻ തന്നെ ഡ്രൈവറും കണ്ടക്ടർ സി.രാജനും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നാലെ വന്ന ബസുകളിൽ കയറ്റി വിട്ടു. യാത്രക്കാരുടെ തിരക്കുമൂലം ഇന്നലെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നു പുതുതായി പൊന്മുടിയിലേക്ക് അയച്ച ബസാണ് അപകടത്തിൽ പെട്ടത്.
Source link


