NEWS

നോവായി അവസാന സെൽഫി; കാത്തിരുന്ന വീട്ടുകാരെ കണ്ണീരിലാഴ്ത്തി മുഹമ്മദ് റിസ്‌വാൻ


കാഞ്ഞങ്ങാട് ∙ കൂട്ടുകാരോടൊപ്പം വീട്ടിലെത്തും, ഭക്ഷണം തയാറാക്കി വയ്ക്കണമെന്ന് ഉപ്പയോട് വിളിച്ചുപറഞ്ഞാണ് മുഹമ്മദ് റിസ്‌വാൻ അവസാനമായി ഫോൺ വച്ചത്.  രാത്രി 11ന് ആണ് പിതാവ് ബി.ബഷീറിനെ വിളിച്ച് റിസ്‍വാൻ കൂട്ടുകാരോടൊപ്പം നാട്ടിലേക്ക് വരുന്ന വിവരം പറഞ്ഞത്. കോൾ കട്ട് ചെയ്ത് 20 മിനിറ്റിനുള്ളിൽ അപകടം നടന്നു. കാറിലാണ് വരുന്നതെന്ന് അറിഞ്ഞ് വളരെ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന നിർദേശവും മകന് ബഷീർ നൽകിയിരുന്നു.കണ്ണൂരിൽ ഇന്നു നടക്കുന്ന ഷാൻ സിറാജിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കൂട്ടുകാരോടൊപ്പം റിസ്‌വാനും പുറപ്പെട്ടത്. ഷാൻ സിറാജിനെ വീട്ടിലാക്കി കാഞ്ഞങ്ങാട് അരയിയിലെ വീട്ടിലേക്ക് കൂട്ടുകാരോടൊപ്പം വരുമെന്നായിരുന്നു റിസ്‌വാൻ പിതാവിനോട് പറഞ്ഞത്. മകനെയും കൂട്ടുകാരെയും സ്വീകരിക്കാൻ വീട്ടിൽ ഏർപ്പാടുകളും ബഷീർ ചെയ്തിരുന്നു. ഇവിടെനിന്നു ഞായറാഴ്ച കണ്ണൂരിലേക്ക് വിവാഹത്തിന് പോകാനായിരുന്നു തീരുമാനം. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി മകന്റെ മരണവാർത്തയാണ് ബഷീറിനെ തേടിയെത്തിയത്.നോവായി അവസാന സെൽഫി  കണ്ണൂർ ∙ ബെംഗളൂരുവിൽനിന്നു പുറപ്പെടുന്നതിനു മുൻപ് അഞ്ചുപേരും ചേർന്ന് സെൽഫിയെടുത്ത് അഴീക്കോട്ടെ ഷാനിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു. വിവാഹം അടിച്ചുപൊളിക്കുന്നതിനായി പുറപ്പെടുന്നെന്നു പറഞ്ഞ് അയച്ച ചിത്രം ഇവരുടെ അവസാന ചിത്രമായി. ആ ചിത്രത്തിൽ നോക്കി വിങ്ങിപ്പൊട്ടുകയാണ് കുടുംബാഗംങ്ങൾ. യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്. ഉത്തർപ്രദേശ് സ്വദേശി പരം ചേത്രിയുടെതാണ് ഉത്തർപ്രദേശ് റജിസ്ട്രേഷനിലുള്ള കാർ. ഇന്നു നടക്കുന്ന വിവാഹ പരിപാടിയിൽ അണിയുന്നതിനുള്ള വസ്ത്രങ്ങളും ബെംഗളൂരുവിൽനിന്നു സംഘം വാങ്ങിയിരുന്നു. അതും കാറിൽ കരുതിയായിരുന്നു യാത്ര. ഇടയ്ക്ക് ഇവർ വിളിക്കുകയും ചെയ്തിരുന്നു. ഷാനിന്റെ വീട്ടിലേക്കെത്താൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് അപകടം. ഇവരെ ആഹ്ലാദത്തോടെ വരവേൽക്കാൻ കാത്തിരുന്നവരുടെ ചെവിയിൽ അപകടവാർത്തയാണ് എത്തിയത്.


Source link

Back to top button