NEWS
പുതുവൈപ്പ് തീരക്കടലിൽ മീൻപിടിത്ത വഞ്ചി മറിഞ്ഞ് 2 പേർ മരിച്ചു; ഇത്തവണ തിരമാലകൾ ശക്തമാണെന്ന് നാട്ടുകാർ

വൈപ്പിൻ∙ പുതുവൈപ്പ് തീരക്കടലിൽ മീൻപിടിത്ത വഞ്ചി മറിഞ്ഞു 2 തൊഴിലാളികൾ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ സാബു, ദേവസി എന്നിവരാണ് അപകടത്തിൽപെട്ട് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചു. അതേസമയം, പള്ളിപ്പുറം കോൺവന്റ് ബീച്ചിൽ കടൽ കയറ്റം അതിരൂക്ഷമായി. ഇത്തവണ തിരമാലകൾ കൂടുതൽ ശക്തമാണെന്ന് നാട്ടുകാർ പറയുന്നു. കടൽഭിത്തിയും മറികടന്നെത്തിയ വെള്ളം തീരദേശ റോഡിലും സമീപത്തെ വീട്ടു പരിസരങ്ങളിലും വ്യാപിച്ചു. ഒട്ടേറെ കുടുംബങ്ങളാണ് ഇവിടെ കടലാക്രമണഭീഷണി നേരിടുന്നത്. പതിനഞ്ചോളം വീടുകളിൽ സ്ഥിരമായി വെള്ളം കയറുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. തിരമാലകൾക്ക് ചില സമയങ്ങളിൽ ശക്തി കുറയുമെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. മേഖലയിലെ വിനോദസഞ്ചാര സ്ഥാപനങ്ങളെയും കടൽ കയറ്റം ബാധിച്ചിട്ടുണ്ട്.ശക്തമായ തിരമാലകൾക്കൊപ്പമെത്തിയ മണൽ റോഡിൽ അടിഞ്ഞു കൂടിയത് ഗതാഗതതടസ്സം ഉണ്ടാക്കുന്നുണ്ട്. തിരമാലകൾക്കൊപ്പം വൻതോതിൽ മാലിന്യവും കരയിലേക്ക് എത്തുന്നുണ്ട്. ഇത് പകർച്ചവ്യാധിക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. കാര്യമായി കടൽക്ഷോഭം അനുഭവപ്പെടാതിരുന്ന നായരമ്പലം വെളിയത്താംപറമ്പ് പോലുള്ള തീരങ്ങൾ ഏതാനും വർഷങ്ങളായി രൂക്ഷമായ കടൽ കയറ്റത്തിന്റെ പിടിയിലാണ്. ഓരോ വർഷവും പ്രവചനാതീതമായ രീതിയിലാണ് കടൽ കയറ്റത്തിന്റെ രീതി മാറുന്നതെന്ന് നാട്ടുകാർ പറയുന്നു.
Source link


