BUSINESS
വിഴിഞ്ഞത്ത് വരുന്നത് ‘യുഎസ്’ നിക്ഷേപം; പിന്നണിയിൽ പാനമ കനാൽ ‘പിടിക്കാൻ’ പ്ലാനിട്ട കമ്പനി, ചൈന-യുഎസ് മത്സരത്തിന്റെ ഇംപാക്റ്റോ?

തിരുവനന്തപുരം ∙ വിഴിഞ്ഞം പോർട്ടിന്റെ 49% ഓഹരി വാങ്ങാനൊരുങ്ങുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്സി) ഉപകമ്പനിയായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിൽ (ടിഐഎൽ) 20% ഓഹരി കയ്യാളുന്നത് യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ പാർട്ണേഴ്സ് (ജിഐപി). യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, വമ്പൻ ‘അസറ്റ് മാനേജ്മെന്റ്’ കമ്പനിയായ ബ്ലാക്ക്റോക്ക് 2024ൽ ജിഐപിയെ ഏറ്റെടുത്തിരുന്നു.ബ്ലാക്ക്റോക്ക്, ജിഐപി വഴി ടിഐഎലിലെ ഓഹരി പങ്കാളിയായി മാറിയശേഷമാണ് വിഴിഞ്ഞത്തിന്റെ ഓഹരിയെടുക്കാൻ എംഎസ്സിയെ മുൻനിർത്തി ശ്രമം തുടങ്ങിയതെന്നാണ് അറിവ്. അദാനി ഗ്രൂപ്പ് ഒരാഴ്ച മുൻപു മാത്രമാണു സർക്കാരിനെ ഇക്കാര്യം അറിയിക്കുന്നതെങ്കിലും ഒരു വർഷത്തോളമായി അദാനിയും ടിഐഎലുമായി ഇതേക്കുറിച്ച് ചർച്ച നടക്കുന്നതായാണു വിവരം.തുറമുഖ ഓപ്പറേറ്റിങ് കമ്പനിയായ ടിഐഎലിൽ എംഎസ്സിക്ക് 70 ശതമാനമാണ് ഓഹരി പങ്കാളിത്തം. 20% ജിഐപിക്കും 10% സിംഗപ്പൂർ ആസ്ഥാനമായ ഫണ്ടിങ് കമ്പനി ജിഐസി പ്രൈവറ്റ് ലിമിറ്റഡിനുമാണ്. ജിഐപിയെയാണ് 2024 ഒക്ടോബറിൽ 1250 കോടി ഡോളറിന്റെ ഇടപാടിലൂടെ ബ്ലാക്ക്റോക്ക് ഏറ്റെടുത്തത്. സമുദ്രവ്യാപാര രംഗത്തും തന്ത്രപ്രധാന മേഖലകളിലെ തുറമുഖങ്ങളിലും ആധിപത്യമുറപ്പിക്കാനായി യുഎസും ചൈനയും തമ്മിലുള്ള മത്സരത്തിൽ യുഎസിനു വേണ്ടി കരുനീക്കുന്ന കമ്പനി കൂടിയാണു ബ്ലാക്ക്റോക്ക്.ജിഐപിയിലൂടെ ടിഐഎലിന്റെ ഓഹരി പങ്കാളിയായശേഷം ബ്ലാക്ക്റോക്കും ടിഐഎലും ചേർന്നുള്ള കൺസോർഷ്യം കഴിഞ്ഞവർഷം 2280 കോടി ഡോളറിന്റെ വമ്പൻ തുറമുഖ ഇടപാടു പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്റർ കമ്പനികളിലൊന്നായ ഹച്ചിസൺ ഹോൾഡിങ്ങിസിനു പാനമ പോർട്സ് കമ്പനിയിലുള്ള 90% ഓഹരികൾ വാങ്ങാനാണു ധാരണയിലെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലുമുള്ള 43 തുറമുഖങ്ങൾ വാങ്ങാനാണു ബ്ലാക്ക്റോക്ക്–ടിഐഎൽ കൺസോർഷ്യം ഹച്ചിസണുമായി കരാർ വച്ചത്. ഇതിനു തുടർച്ചയായാണു ബ്ലാക്ക്റോക്ക് ടിഐഎൽ വഴി വിഴിഞ്ഞത്തേക്കുമെത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ തന്ത്രപ്രധാന സ്ഥാനമാകാം ഇതിനു പ്രചോദനം.
Source link


