NEWS
ക്രൈം നമ്പർ 22/84, കൊലപാതകമെന്ന സംശയം ആദ്യം തോന്നിയത് ആ സൂചനയിൽ; ആസ്പദമാക്കി ഇറങ്ങിയത് 3 സിനിമകൾ

മാവേലിക്കര ∙ ക്രൈം നമ്പർ 22/84, കേസ് സംബന്ധിച്ചു വീണ്ടും അന്വേഷണം നടത്തുമെന്ന സൂചനകൾ വരവേ ക്രൈം നമ്പറും തൊണ്ടിമുതലും ഒരു പാടവും ചർച്ചകളിൽ നിറയുകയാണ്. ചാക്കോവധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും ഒരു ഗ്രാമത്തിലെ പാടശേഖരത്തിന്റെ പേര് തന്നെ മാറ്റിയ കഥയാണു തഴക്കര പഞ്ചായത്തിലെ കുന്നം ഗ്രാമത്തിനു പറയാനുള്ളത്. 1984 ജനുവരി 22നു ശേഷമാണു പൈനുംമൂട് – കുന്നം – കൊല്ലകടവ് റോഡരികിലെ പാടശേഖരത്തിന്റെ പേര് ചാക്കോ പാടം എന്നായി മാറിയത്. 1984 ജനുവരി 21ന് ആണു നാടിനെ നടുക്കിയ ചാക്കോ വധം നടന്നത്.ആലപ്പുഴ ചാത്തനാട് കണ്ടത്തിൽ എൻ.ജെ.ചാക്കോയെ (തങ്കച്ചൻ–32) കെഎൽക്യു 7831 എന്ന കാറിൽ കയറ്റി കൊലപ്പെടുത്തി തഴക്കര കുന്നത്തിന് അടുത്തുള്ള പാടശേഖരത്തിൽ കാറിനുള്ളിൽ കത്തിച്ചെന്നാണു കേസ്. സംഭവത്തിനു ശേഷം കുന്നത്തെ പാടശേഖരത്തിന്റെ പേര് ചാക്കോപ്പാടം എന്നായി. കുന്നം ട്രാവൻകൂർ ഓക്സിജൻ ഫാക്ടറിയിലെ ലാൻഡ് ഫോണിൽ നിന്നു കുന്നം കിഴക്കടത്തു വീട്ടിൽ രാധാകൃഷ്ണൻ ആണു കുന്നം പാടത്ത് കാർ കത്തുന്ന വിവരം മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു രാത്രി വിളിച്ചറിയിച്ചത്. രാധാകൃഷ്ണൻ കിഴക്കടത്ത് ഇന്ന് ജീവിച്ചിരിപ്പില്ല. മാവേലിക്കര നിന്നു പൊലീസ് സ്ഥലത്തെത്തി. രാത്രി ഒരു പൊലീസുകാരനെ കാവൽ നിർത്തി. കുറുപ്പും സിനിമകളും ചാക്കോ കൊലക്കേസ് ആസ്പദമാക്കി 3 സിനിമകൾ ഇറങ്ങി. 1984 മേയ് 19നു പുറത്തിറങ്ങിയ എൻഎച്ച് 47 എന്ന സിനിമയാണ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യം റിലീസ് ചെയ്തത്. ബേബി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ രചിച്ചതു പാപ്പനംകോട് ലക്ഷ്മണൻ ആണ്. സുകുമാരൻ, ടി.ജി.രവി, ലാലു അലക്സ്, ബാലൻ കെ.നായർ, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Source link


