NEWS
നിയമം ലംഘിച്ച് മൺകൂന, കേന്ദ്ര നിർദേശവും അവഗണിച്ചു; കാറ്റിൽ പറത്തി കർശന സുരക്ഷ മാനദണ്ഡങ്ങൾ

കോട്ടയം∙ തുരങ്ക നിർമാണ വേളയിൽ പുറത്തെടുത്ത വൻതോതിലുള്ള മണ്ണും പാറക്കല്ലുകളും പ്രദേശത്തെ മലഞ്ചെരിവുകളിൽ അശാസ്ത്രീയമായി കൂട്ടിയിട്ടത് കേന്ദ്ര സർക്കാർ നിർദേശവും ലംഘിച്ച്. തുരങ്ക നിർമാണത്തിൽ ഖനനം ചെയ്തെടുക്കുന്ന മണ്ണും പാറക്കല്ലുകളും പ്രകൃതിക്കു ദോഷം വരാത്ത രീതിയിൽ മാറ്റാൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും, ഉപരിതലഗതാഗത, റെയിൽവേ മന്ത്രാലയവും വ്യക്തമായ നിബന്ധനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയിൽ മണ്ണിടിച്ചിലിനു കാരണമാകുമെന്നതിനാൽ ശാസ്ത്രീയമായ രീതിയിൽ മണ്ണ് മാറ്റാനുള്ള പദ്ധതി മുൻകൂട്ടി തയാറാക്കണമെന്നു കേന്ദ്ര സർക്കാർ മുന്നറിയിപ്പുണ്ട്. ഖനനം വഴി ഉണ്ടാകാൻ സാധ്യതയുള്ള മൺകൂനകളുടെ അളവും മുൻകൂട്ടി കണക്കാക്കണം. സ്വാഭാവിക നീരൊഴുക്കുകൾ ഉള്ള സ്ഥലങ്ങളിൽ മണ്ണ് നിക്ഷേപിക്കാൻ പാടില്ല. മൺകൂനകൾ നദികളിലേക്കോ താഴ്വരകളിലേക്കോ ഇടിഞ്ഞു വീഴാതിരിക്കാൻ ഗാബിയൻ മതിലുകൾ, കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ എന്നിവ നിർമിച്ചു സുരക്ഷിതമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശമുണ്ട്.തുരങ്ക കവാടങ്ങളിൽ മണ്ണ് കൂട്ടിയിടരുത് മണ്ണും പാറക്കഷ്ണങ്ങളും യാതൊരു കാരണവശാലും തുരങ്ക കവാടങ്ങളിലോ മലഞ്ചെരിവുകളിലോ അശാസ്ത്രീയമായി കൂട്ടിയിടാൻ പാടില്ല. നീക്കം ചെയ്യുന്ന മണ്ണ് ഖനനം നടത്തുന്ന കുഴിയുടെയോ തുരങ്ക കവാടത്തിന്റെയോ അരികിൽനിന്നു കുറഞ്ഞത് 1.5 മീറ്റർ അല്ലെങ്കിൽ കുഴിയുടെ ആഴത്തിന്റെ പകുതി ദൂരത്തിൽ (ഏതാണോ കൂടുതൽ) മാറ്റി മാത്രമേ സൂക്ഷിക്കാവൂ. മഴവെള്ളപ്പാച്ചിലിൽ ഈ മണ്ണ് ഒലിച്ചുപോയി സ്വാഭാവിക നീരൊഴുക്കുകളും ഡ്രെയിനേജ് സംവിധാനങ്ങളും തടസപ്പെടാതിരിക്കാൻ മുൻകരുതലുണ്ടാകണം. മണ്ണ് നീക്കുന്ന ഭാഗങ്ങളിൽ മണ്ണിടിച്ചിൽ തടയാൻ ശാസ്ത്രീയമായ രീതിയിൽ ചെരിവുകൾ നൽകുകയോ ഷീറ്റ് പൈലിങ്, തടി ഉപയോഗിച്ചുള്ള താങ്ങുകൾ എന്നിവ നൽകുകയോ ചെയ്യണം. വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉണ്ടായാൽ നേരിടാൻ എർത്ത് മൂവിങ് ഉപകരണങ്ങൾ എപ്പോഴും പ്രവർത്തനസജ്ജമായി സൂക്ഷിക്കുകയും വേണമെന്നും കേന്ദ്ര സർക്കാർ നിർദേശമുണ്ട്.
Source link


