NEWS

വീടുകളുടെ പോർച്ചിൽ കിടന്ന കാറുകൾ കടിച്ചുകീറി തെരുവുനായ്ക്കൾ; 2 ലക്ഷം രൂപയുടെ നഷ്ടം


പന്തളം ∙ സമീപവീടുകളുടെ പോർച്ചിൽ കിടന്ന 2 കാറുകൾക്കു കേടുപാട് വരുത്തി തെരുവുനായ്ക്കൾ. ഉടമകൾക്കുണ്ടായ നഷ്ടം 2 ലക്ഷത്തിലധികം രൂപ. പൂഴിക്കാട്ട് വ്യത്യസ്ത ദിവസങ്ങളിൽ രാത്രിയിലാണു സംഭവം. പൂഴിക്കാട് വിളയിൽ പുത്തൻവീട്ടിൽ എസ്.അനീഷിന്റെ ഉടമസ്ഥതയിലുള്ള കാർ രണ്ടുതവണ തെരുവുനായ്ക്കൾ ആക്രമിച്ചു. ആദ്യ തവണ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകളും ബോണറ്റും കടിച്ചുകീറി. ഇതിന്റെ അറ്റകുറ്റപ്പണിക്ക് 1,60,000 രൂപ ചെലവ് വരുമെന്നാണ് ഷോറൂമിൽ നിന്നറിയിച്ചത്. തുടർന്നു നായ്ക്കൾ കയറാതിരിക്കാൻ 25,000 രൂപയോളം ചെലവഴിച്ച് വേലി സ്ഥാപിച്ചു. എന്നാൽ, മണ്ണ് തുരന്ന് ഉള്ളിൽ കടന്ന തെരുവുനായ്ക്കൾ വീണ്ടും കാറിനു കേടുപാടുകൾ വരുത്തി. ഇതു പരിഹരിക്കാൻ 18,000 രൂപയോളം വീണ്ടും ചെലവായി. സമീപവാസിയായ പൂഴിക്കാട് സരോവരത്തിൽ ലിനുവിന്റെ കാറാണ് ഒരാഴ്ച മുൻപ് തെരുവുനായ്ക്കൾ ആക്രമിച്ചത്. 22,000 രൂപയാണ് ഇതിന്റെ അറ്റകുറ്റപ്പണിക്ക് ചെലവായത്. ഇത്തരത്തിലുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതും ഉടമകൾക്കു പണച്ചെലവിന്റെ ആഘാതം കൂട്ടി. ചിത്ര ആശുപത്രിക്ക് മുൻപിൽ കാടുമൂടിയ നിലയിലുള്ള സ്വകാര്യ സ്ഥലത്താണു തെരുവുനായ്ക്കൾ തമ്പടിക്കുന്നതെന്നും നടപടി ആവശ്യപ്പെട്ട് നഗരസഭാ അധികൃതർക്കു പരാതി നൽകിയിട്ടും ഒരു നടപടിയുമില്ലെന്നും വാർഡ് കൗൺസിലർ ബിജു കൂട്ടംവെട്ടിയിൽ പറഞ്ഞു.


Source link

Back to top button