BUSINESS

ഇനിയൊരു എൽപിജി പ്രതിസന്ധി ഉണ്ടാകരുത്, ഭൂമിക്കടിയിൽ 30 ദിവസത്തേക്കുള്ള കരുതൽ ശേഖരം ഒരുക്കാൻ കേന്ദ്രസർക്കാർ


ഹോർമുസ് അടഞ്ഞതോടെ രാജ്യത്തുണ്ടായ അതിരൂക്ഷ പാചക വാതക പ്രതിസന്ധി (എൽപിജി) ആവർത്തിക്കാതിരിക്കാൻ മുൻകരുതലുമായി കേന്ദ്രസർക്കാർ. ഇതാദ്യമായി രാജ്യത്ത് പാചക വാതക ശേഖരം ഒരുക്കാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങി. നിലവിൽ രാജ്യത്തിന്റെ മൂന്നിടങ്ങളിലുള്ള ക്രൂഡോയിൽ ശേഖരത്തിന്റെ മാതൃകയിൽ ഭൂമിക്കടിയിലെ ടാങ്കുകളിൽ എൽപിജി ശേഖരിക്കാനാണ് നീക്കം. കൂടാതെ ഭൂമിക്ക് മുകളിൽ ക്രയോജനിക്ക് ടാങ്കുകൾ സ്ഥാപിക്കാനുള്ള സാധ്യതയും പൊതുമേഖല എണ്ണകമ്പനികൾ പരിശോധിക്കുന്നുണ്ട്. ഇന്ത്യയുടെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു സംവിധാനം ഒരുക്കാനുള്ള സാധ്യത പഠനം നടന്നു വരികയാണ്. ഇറാൻ യുദ്ധത്തിനു പിന്നാലെ ഹോർമുസിലൂടെയുള്ള കപ്പൽ നീക്കം നിലച്ചത് രാജ്യത്ത് വലിയ ഊർജ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഹോർമുസ് ഒഴിവാക്കി മറ്റു രാജ്യങ്ങളിൽ നിന്ന് എത്തിച്ച ക്രൂഡോയിലും രാജ്യത്തുള്ള കരുതൽ ശേഖരവും ഉപയോഗിച്ച് ഇന്ത്യ പെട്രോൾ, ഡീസൽ പ്രതിസന്ധി മറികടന്നു. എന്നാൽ ആവശ്യമായതിന്റെ പകുതിയും പശ്ചിമേഷ്യയിൽ നിന്ന് വരുന്നതിനാൽ പാചക വാതക പ്രതിസന്ധി അതിരൂക്ഷമായിരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയും ഗാർഹിക സിലിണ്ടറിന്റെ ബുക്കിങ് ഇടവേള കൂട്ടിയുമാണ് കേന്ദ്രം ഇതിനെ നേരിട്ടത്. തുടർന്നാണ് പാചക, പ്രകൃതി വാതകങ്ങൾ രാജ്യത്ത് ശേഖരിക്കാനുള്ള സാധ്യത കേന്ദ്രസർക്കാർ തേടിയത്. സമാനമായ സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിനുള്ള ദീർഘകാല പദ്ധതികളും സെക്രട്ടറി തലത്തിൽ സർക്കാർ തയാറാക്കി വരികയാണ്.വേണം 30 ദിവസത്തെ ശേഖരംവ്യാപാര പാതകൾ അടഞ്ഞാൽ കുറഞ്ഞത് 30 ദിവസത്തേക്കെങ്കിലും രാജ്യത്തിന് ഉപയോഗിക്കാൻ തരത്തിലുള്ള കരുതൽ ശേഖരം ഒരുക്കാനാണ് സർക്കാർ പദ്ധതി. ഇതിനായി ഭാരത് പെട്രോളിയം കോർപറേഷൻ നിലവിലുള്ള 200 ടിഎംസി (തൗസന്റ് മെട്രിക് ടൺ) എൽപിജി ശേഖരം 340 ടിഎംസിയായി വർധിപ്പിക്കാൻ 5000 കോടി രൂപ നിക്ഷേപിക്കുമെന്നും വിവരം. ഇന്ത്യൻ ഓയിലും ഹിന്ദുസ്ഥാൻ പെട്രോളിയവും സമാനമായ നിക്ഷേപങ്ങൾ നടത്തും. പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് പുറമെ റഷ്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് പാചക വാതക ഇറക്കുമതിക്ക് ദീർഘകാലത്തേക്കുള്ള കരാറിലെത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. നിലവിലുള്ള മൂന്ന് ക്രൂഡോയിൽ ശേഖര പ്ലാന്റുകൾക്ക് പുറമെ അഞ്ചെണ്ണം കൂടി ഒരുക്കാനുള്ള പദ്ധതിയും അതിവേഗത്തിൽ മുന്നോട്ടു പോവുകയാണ്. എല്ലാ അംഗരാജ്യങ്ങളും 90 ദിവസത്തേക്കുള്ള ക്രൂഡോയിൽ ശേഖരം ഒരുക്കിവക്കണമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ ചട്ടം. എൽപിജിയുടെ കാര്യത്തിൽ ഇത്തരമൊരു നിബന്ധനയില്ല. എന്നാൽ ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളും ആവശ്യമായ എൽപിജി ശേഖരം ഒരുക്കണമെന്ന് ഏജൻസി നിർദേശിച്ചിട്ടുണ്ട്. 


Source link

Back to top button