NEWS
രേഖകളിൽ വരുമാനം 15000 രൂപ, വാങ്ങിയത് ലക്ഷങ്ങളുടെ ഭൂമി; സംഭാവനക്കൊള്ളയിലെ പ്രതികൾ പണം ചെലവിട്ടത് ആഡംബരത്തിന്

ലക്നൗ ∙ അയോധ്യയിലെ തെരുവുകളിൽ ക്ഷേത്രത്തിൽ എത്തുന്നവർക്കും മറ്റും കുപ്പിവെള്ളം വിൽക്കുന്ന ജോലിയായിരുന്നു അവിനാശ് ശുക്ലയ്ക്ക്. എന്നാൽ രാമക്ഷേത്രത്തിൽ ജോലി ലഭിച്ചതോടെ ജീവിതം ആകെ മാറി. അയോധ്യയിൽതന്നെ സ്വന്തമായി സ്ഥലം വാങ്ങി വീട് പണിയാനുള്ള ഒരുക്കത്തിലായിരുന്നു. ഇയാളുടെ എസ്യുവി കാറും പൊലീസ് പിടിച്ചെടുത്തിട്ടുമുണ്ട്. രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് പുറത്തുവന്നതോടെ അറസ്റ്റിലായ മിക്കവരുടെയും ജീവിത ഗ്രാഫിൽ അവിനാശിനെ പോലെ വൻ ഉയർച്ചയാണ് അടുത്തിടെയുണ്ടായത്. മിക്കവരും ആഡംബര വീടുകളും കാറുകളും വാങ്ങാനാണ് തട്ടിച്ച പണം ഉപയോഗിച്ചത്.രേഖകളിൽ 15000 രൂപവരെ മാസ വരുമാനം ഉള്ളവരാണ് ഞൊടിയിടയിൽ സമ്പന്നരായി മാറിയതെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കളിലെ വർധന ഇത് അടിവരയിടുന്നു. മറ്റൊരു പ്രതിയായ ലവ്കുശ് മിശ്ര അയോധ്യയിൽതന്നെ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വസ്തു വാങ്ങി. 25 ലക്ഷം രൂപ വരെ വിപണി മൂല്യമുള്ള സ്ഥലമാണ് ഇയാൾ വാങ്ങിയത്. മറ്റൊരു പ്രതി ഹോസ്റ്റൽ നിർമിക്കാനാണ് മോഷ്ടിച്ച പണം ഉപയോഗിച്ചത്. ക്ഷേത്രത്തിൽ ജോലി ചെയ്യും മുൻപ് ഇയാൾ ഡ്രൈവറായിട്ടാണ് ജോലി ചെയ്തത്.
Source link


