ഡയറ്റിലാണോ? പ്രഭാതഭക്ഷണത്തിന് ഞവര അരി ഇഡ്ഡലി ബെസ്റ്റ്, മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിലുണ്ടാക്കാം

പ്രതീകാത്മക ചിത്രം
തിരക്കിട്ട ജീവിതത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ നെട്ടോട്ടമോടുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ രുചിയിൽ വിട്ടുവീഴ്ച ചെയ്യാനും ആർക്കും താല്പര്യമില്ല. സ്വാദിൽ ഒട്ടുംകുറവുവരാതെ തന്നെ ആരോഗ്യത്തോടെ ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനും നിരവധി ഓപ്ഷനുകളാണ് ഇന്നുള്ളത്. അരിക്കും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന പോഷകസമൃദ്ധമായ ഒരു ധാന്യമാണ് ഞവര അരി.
നാരുകളും ആന്റി ഓക്സിഡന്റുകളും സമൃദ്ധമായി അടങ്ങിയ ഞവര അരി ദീർഘനേരം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ഞവര അരികൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഇഡ്ഡലി. ആരോഗ്യകരമായ പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കാവുന്ന ഈ വിഭവം പരമ്പരാഗത ഇഡ്ഡലിയെ അപേക്ഷിച്ച് പോഷകഗുണങ്ങളിൽ മുന്നിലാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം നല്ലൊരു സമീകൃതാഹാരം കൂടിയാണ് ഇത്. മിതമായ ചേരുവകൾ കൊണ്ട് കൂടിയ അളവിൽ പ്രോട്ടീനും ഫൈബറും ശരീരത്തിലെത്തിക്കാൻ ഈ വിഭവം സഹായിക്കും.
ഞവര ഇഡ്ഡലി ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ
ഞവര അരി–2 കപ്പ്
ഉഴുന്ന് പരിപ്പ് – ½ കപ്പ്
ഉലുവ – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഞവര ഇഡ്ഡലി തയ്യാറാക്കുന്ന വിധം
ഞവര അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകിയ ശേഷം പ്രത്യേകം കുതിർക്കാനിടുക. ഉഴുന്നും ഉലുവയും ഒരുമിച്ച് കുതിർക്കാം. ആറ് മണിക്കൂർ കുതിർത്തതിന് ശേഷം അരച്ചെടുക്കുക. ആദ്യം ഉഴുന്ന് നന്നായി അരച്ചെടുത്തതിന് ശേഷം ഞവര അരി അല്പം തരിയുള്ള രീതിയിൽ അരയ്ക്കുക. അരച്ചെടുത്തവ രണ്ടും ഒരുമിച്ച് ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. തയ്യാറാക്കിയ മാവ് 6–8 മണിക്കൂർ പുളിക്കുന്നതിനായി മാറ്റി വയ്ക്കുക. പുളിച്ചതിന് ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് 10–12 മിനിറ്റ് ആവിയിൽ വേവിക്കുക.
RELATED TOPICS: NJAVARA RICE IDLI, HEALTHY BREAKFAST, IDLI RECIPE, NJAVARA ARI IDLI, WEIGHT LOSS BREAKFAST
Source link


