വിഴിഞ്ഞം ഓഹരി എംഎസ്‌സി കമ്പനിക്ക് കൈമാറുന്നത് തടയണം, സർക്കാർ നിലപാട് സംസ്ഥാന താത്പര്യങ്ങളെ തകർക്കുന്നതെന്ന് സിപിഎം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ എം.എസ്.സി അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിക്ക് കൈമാറാനുള്ള നീക്കം തടയുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന്റെ ഓഹരികൾ കൈമാറുമെന്ന കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സചേഞ്ചിനെ അറിയിച്ചിട്ടുള്ള രേഖയും പുറത്തുവന്നിട്ടുണ്ട്. തുറമുഖം ഇവരുടെ സംയുക്ത സംരംഭമായി നടത്താനുള്ള നീക്കമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. തുറമുഖം സംസ്ഥാനത്തിന്റെ തന്നെ ഉടമസ്ഥതയിൽ നിലനിർത്തുന്നതിനുള്ള നടപടി ഉണ്ടാകണം. 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. എന്നാൽ, ഈ വ്യവസ്ഥ മറികടന്നുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഓഹരികൾ കൈമാറ്റം നടത്തുന്നത് എന്ന് സി.പി.എം ആരോപിച്ചു.
ഓഹരി കൈമാറ്റം യാഥാർത്ഥ്യമാകുന്നതോടെ തുറമുഖം പൂർണ്ണമായി എം.എസ്.സിയുടെ കപ്പലുകൾക്ക് മാത്രമായി നീക്കിവയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇതോടെ ഈ രംഗത്തെ മത്സര ക്ഷമത ഇല്ലാതാകുന്ന നിലയുണ്ടാകും. മറ്റ് ഷിപ്പിംഗ് കമ്പനികൾക്ക് പ്രവേശനം ലഭിച്ചില്ലെങ്കിൽ അത് സംസ്ഥാന താൽപര്യത്തെ തന്നെ ഹനിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
വാർത്തകളിലൂടെ മാത്രമാണ് മുഖ്യമന്ത്രി വിവരമറിഞ്ഞതെന്നത് എത്രത്തോളം വിശ്വാസ്യയോഗ്യമാണെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. കരാർ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ഈ ഉത്തരവാദിത്വം നിർവ്വഹിക്കാതെ ഉരുണ്ട് കളിക്കുന്ന നിലപാട് കേരളത്തിന്റെ താൽപര്യങ്ങളെ തകർക്കുന്നതാണെന്നും സി,പി.എം വ്യക്തമാക്കി.
Source link
NEWS


