LIFESTYLE

പാൽ പിരിഞ്ഞെന്ന് കരുതി സിങ്കിലൊഴിക്കല്ലേ; ഉപയോഗിക്കാനുള്ള വഴികൾ ഏറെയുണ്ട്


പ്രതീകാത്മക ചിത്രം

അടുക്കളയിൽ എല്ലാദിവസവും ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥമാണ് പാൽ. രാവിലെ എഴുന്നേൽക്കുമ്പോൾ ചായയിൽ നിന്നാണ് ഒരു ദിവസത്തിന്റെ ആരംഭം തന്നെ. ചിലർ ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഒരു ഗ്ലാസ് ചൂടുപാൽ കുടിക്കാറുണ്ട്. ഒരു ദിവസത്തിന്റെ ആരംഭത്തിലും സമാപനത്തിലും പാലിന് വലിയ പ്രധാന്യമാണുളളത്.

പ്രോട്ടിന്റെ മികച്ച ഉറവിടമാണ് പാൽ. വൈറ്റമിനുകളും കാത്സ്യവും ധാരാളമായി അടങ്ങിയ പാലിന് ഏറെ ഗുണങ്ങളുണ്ട്. എന്നാൽ പാൽ​ തിളപ്പിക്കുന്ന സമയത്ത് പിരിഞ്ഞുപോയാലോ?​ ചിലപ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പാൽ വ്യത്യസ്ത കാരണങ്ങളാൽ പിരിഞ്ഞുപോകാനിടയുണ്ട്. രണ്ടോ മൂന്നോ കവറുകൾ ഒരുമിച്ച് പിരിയുന്ന സാഹചര്യവുമുണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ പിരിഞ്ഞ പാൽ കളയുകയാണ് മിക്ക വീടുകളിലും ചെയ്യുക. എന്നാൽ ഇനി അങ്ങനെ ചെയ്യരുത്. പോഷകഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ തന്നെ പിരിഞ്ഞ പാൽ നമുക്ക് വീണ്ടും ഉപയോഗിക്കാൻ കഴിയും.

പിരിഞ്ഞ പാലിന്റെ ഉപയോഗങ്ങൾ


പനീർ ഉണ്ടാക്കാം

പിരിഞ്ഞപാൽ കുറച്ചുകൂടി തിളപ്പിച്ച് അതിലേക്ക് കുറച്ച് നാരങ്ങനീരോ വിനാഗിരിയെ ചേർക്കുക. പാലിന്റെ കട്ടകൾ പൂർണമായും വേർപ്പെട്ട് വെള്ളം തെളിഞ്ഞുവരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. നന്നായി വെള്ളം വാർത്തുകളഞ്ഞ ശേഷം അതിന് മുകളിൽ ഭാരമുള്ള ഒരു വസ്തു വയ്ക്കുക. കട്ടയായതിനുശേഷം പനീർ ആയി ഉപയോഗിക്കാം.


ചപ്പാത്തിയും പൂരിയും സോഫ്റ്രാക്കാം

സാധാരണ വെള്ളത്തിന് പകരം പിരിഞ്ഞ പാലിലെ പാൽക്കട്ടി അരിച്ചെടുത്ത ശേഷം ബാക്കി വരുന്ന വെള്ളം ഉപയോഗിച്ച് ചപ്പാത്തി,​പൂരി എന്നിവയ്ക്കുള്ള മാവ് തയ്യാറാക്കിയാൽ ഇവ കൂടുതൽ മൃദുലമായിക്കിട്ടും.


പാൽപ്പേട തയ്യാറാക്കാം

പിരിഞ്ഞ പാൽ അരിച്ചെടുത്ത ശേഷം കിട്ടുന്ന പാൽക്കട്ടി ഒരു പാനിലിട്ട് നന്നായി വഴറ്റുക. അതിലേക്ക് അല്പം നെയ്യും പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും ചേർക്കുക. തണുത്തതിനുശേഷം കയ്യിൽവച്ച് ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ പാൽപ്പേട തയ്യാർ.


ബേക്കിംഗിന് ഉപയോഗിക്കാം

കേക്ക്,​ മഫിൻസ്, പാൽക്കേക്ക് എന്നിവ ഉണ്ടാക്കുമ്പോൾ ബാറ്രറിൽ​ തൈരിന് പകരം​ ഈ പിരിഞ്ഞപാൽ ഉപയോഗിക്കാം. ഇത് കേക്ക് നല്ലതുപോലെ പൊങ്ങിവരാനും സോഫ്റ്രാകാനും സഹായിക്കും.


ചെടികൾക്കുള്ള വളം​​​​​​​

പിരിഞ്ഞ പാൽ നന്നായി തണുത്തതിന് ശേഷം ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യ‌വും പ്രോട്ടീനും ചെടികൾ നന്നായി വളരാൻ സഹായിക്കും. പ്രത്യേകിച്ച് തക്കാളി,​ റോസ് എന്നീ ചെടികൾ.

(പഴകിയ,​ദുർഗന്ധം വമിക്കുന്ന പാൽ ഒരു കാരണവശാലും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കരുത്)​
RELATED TOPICS: CURDLED MILK, CURDLED MILK USES, SPLIT MILK RECIPES, PAAL PIRINJAL ENTHU CHEYYAM, KITCHEN TIPS MALAYALAM


Source link

Back to top button