BUSINESS

ലഗേജ് കുറവെങ്കിൽ ഇൻഡിഗോയിൽ പറക്കാൻ കുറച്ചു പണം മതി, ‘ലൈറ്റ് ടിക്കറ്റുകൾ’ വരുന്നു, എന്താണ് പ്രത്യേകത?


ന്യൂഡൽഹി∙ ചെക്ക്ഡ് ഇൻ ബാഗേജ് ഇല്ലാതെ കാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതി ഇൻഡിഗോ എയർലൈൻ പ്രഖ്യാപിച്ചു. കാബിൻ ബാഗിന് 7 കിലോ ഭാരമേ പാടുള്ളൂ. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ വേർതിരിച്ചു നൽകുന്ന രീതിയുടെ ഭാഗമാണിത്. ഇൻഡിഗോ ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ എൻട്രി ലവൽ നിരക്ക് ഇക്കോണമി ക്ലാസ് യാത്രക്കാർക്കായാണ്. ആഭ്യന്തര യാത്രകൾക്കും രാജ്യാന്തര യാത്രകൾക്കും ലൈറ്റ് ഫെയർ ഇന്നലെ മുതൽ ലഭ്യമാണ്. ഇൻഡിഗോയുടെ വെബ്‍സൈറ്റ്, ആപ് തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് ചാനലുകളിലൂടെ മാത്രമേ ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ഈ മാസം 15 മുതലുള്ള യാത്രകൾക്ക് ഉപയോഗിക്കാം. ലൈറ്റ് ബുക്കിങ് ആണെങ്കിലും ഇൻഡിഗോയുടെ മറ്റ് സേവനങ്ങളെല്ലാം ഈ ടിക്കറ്റ് എടുക്കുന്നവർക്കും ലഭിക്കും. നിലവിലുള്ള 3 തരം ടിക്കറ്റുകൾക്കു പുറമേയാണ് ‘ലൈറ്റ് ഫെയർ’. ഇതുവരെ‘സേവർ ഫെയർ’ എന്നതാണ് ഏറ്റവും കുറഞ്ഞ ഇൻഡിഗോ ടിക്കറ്റ്. ഇതിൽ 15 കിലോ ചെക്ക്–ഇൻ ലഗേജും അനുവദനീയമാണ്. ഇതിനെക്കാൾ ഉയർന്ന ടിക്കറ്റുകളാണ് ഫ്ലെക്സി പ്ലസും ഇൻഡിഗോ അപ്ഫ്രണ്ടും.എന്നാൽ സേവർ ഫെയറുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവ് മാത്രമാണ് ലൈറ്റ് ഫെയറിൽ നിലവിൽ ലഭ്യമായിരിക്കുന്നത്. ഉദാഹരണത്തിന് ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള സേവർ ഫെയർ 13,609 രൂപയാണെങ്കിൽ ലൈറ്റ് ഫെയർ 13,451 രൂപയാണ്. വ്യത്യാസം വെറും 158 രൂപ. 2024ൽ എയർ ഇന്ത്യ എക്സ്പ്രസും സമാനമായ ലൈറ്റ് ഫെയർ അവതരിപ്പിച്ചിരുന്നു. അതിലും നിരക്ക് വ്യത്യാസം ഏകദേശം ഇതേ തോതിലാണ്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Indranil Mukherjee / AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button