NEWS

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; ബ്ളേഡ് ആക്രമണത്തിൽ എസ്‌എഫ്‌ഐ ജില്ലാ  സെക്രട്ടറി  അറസ്റ്റിൽ

എസ്‌എഫ്‌ഐ മാർച്ചിനിടെയുണ്ടായ ബ്ളേഡ് ആക്രമണം (photo: special arrangement)

തിരുവനന്തപുരം: കേപ്പ്, ഐ.എച്ച്.ആർ.ഡി ഫീസ് വർദ്ധനയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അറസ്റ്റിൽ. സംഘർഷത്തിനിടെ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ജില്ലാ സെക്രട്ടറി എം എ നന്ദൻ അറസ്റ്റിലായിരിക്കുന്നത്. കലാപമുണ്ടാക്കൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കന്റോൺമെന്റ് പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്.

പ്രകടനം തടയാൻ പൊലീസ് കെട്ടിയ വടം ബ്ളേഡുപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു. ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. പൊലീസിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, പൊലീസാണ് ബ്ളേഡുകൊണ്ട് ആക്രമണം നടത്തിയതെന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിക്കുന്നത്. സംഘർഷമുണ്ടായ സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെത്തിയിരുന്നു.

ജൂൺ 24ന് ഉച്ചയ്‌ക്ക് 12.30ഓടെയാണ് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്ന് എസ്.എഫ്.ഐയുടെ മാർച്ച് ആരംഭിച്ചത്. സമരഗേറ്റിന് മുന്നിലെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതെ ബാരിക്കേഡ് മാറ്റാൻ വീണ്ടും ശ്രമിച്ചതോടെ രണ്ടാംതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഘർഷത്തിന് പിന്നാലെയാണ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണ – പ്രത്യാരോപണവുമായി എസ്.എഫ്‌.ഐയും പൊലീസും രംഗത്തെത്തിയത്. ഇരുപതോളം പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടികൾക്കും പരിക്കുണ്ടെന്നും ഇവർ പറയുന്നു.​

RELATED TOPICS: SFI DISTRICT SECRETARY ARRESTED, THIRUVANANTHAPURAM SECRETARIAT MARCH, KERALA SFI PROTEST


Source link
NEWS

Back to top button