NEWS

ചവറയിൽ കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു; മൂന്ന്പേരെ രക്ഷപ്പെടുത്തി


ചവറ∙ കായലിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ അതിഥിത്തൊഴിലാളി രക്ഷപ്പെടുത്തി. നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ (തിരുഹൃദയം ) ബിജുവിന്റെയും മെനാൻസി (ബിന്ദു) യുടെയും മകൻ കൊല്ലം കേന്ദ്രീയ വിദ്യാലയം 7-ാം ക്ലാസ് വിദ്യാർഥി മിലൻ (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. മാമൻ തുരുത്തിനു സമീപം അഷ്‌ടമുടിക്കായലിൽ ദേശീയപാത നിർമാണ കമ്പനി വിശ്വസമുദ്ര നടത്തുന്ന ഡ്രജിങ് സ്‌ഥലത്തിനു സമീപമാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ മിലനെ കാണാതാകുകയായിരുന്നു. മറ്റു രണ്ടുപേർ കരയ്ക്ക് കയറി. ഒരാൾ മുങ്ങി താഴ്ന്നത് കണ്ട് സമീപം ഉണ്ടായിരുന്ന അതിഥി തൊഴിലാളി ഡ്രജർ വഴി റോപ് ഇട്ടു നൽകി കരയ്ക്കു കയറ്റുകയായിരുന്നു.രക്ഷപ്പെട്ട കുട്ടികൾ ഭയന്ന് കൂടെ മറ്റ് ആരും ഇല്ലെന്ന് പറഞ്ഞു. എന്നാൽ 4 പേർ ഉണ്ടായിരുന്നുവെന്ന അതിഥിത്തൊഴിലാളി പറഞ്ഞതനുസരിച്ച് പഞ്ചായത്തംഗം ജോളി പീറ്ററും നാട്ടുകാരും എല്ലാ വീടുകളും കയറി കുട്ടികൾ ഉണ്ടോ എന്ന് അന്വേഷിക്കുകയും സിസിടിവി പരിശോധിക്കുകയും ചെയ്തു. തുടർന്ന് മിലനെ കണാനില്ലെന്ന് ഉറപ്പാക്കുകയുമായിരുന്നു. ചവറ പൊലീസ് എത്തി മറ്റ് കുട്ടികളോടു ചോദിച്ചപ്പോഴാണ് മിലൻ ഒപ്പം ഉണ്ടായിരുന്നുവെന്നും കായലിൽ കാണാതായ വിവരം മനസ്സിലാക്കുന്നതും. ചവറ അഗ്നിരക്ഷാസേന. സ്‌കൂബ ടീം, മത്സ്യത്തൊഴിലാളികൾ എന്നിവർ നടത്തിയ തിരച്ചിലിൽ രാത്രി 10 ഓടേ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: മിഷേൽ, മിത്ര, മിത്രയും മരിച്ച മിലനും ഇരട്ടകുട്ടികളാണ്.


Source link

Back to top button