NEWS

ഹേമചന്ദ്രൻ വധക്കേസ്: ഹണി ട്രാപ്പ് ഒരുക്കിയ ലിബ കരിപ്പൂരിൽ പിടിയിൽ; മകളുടെ സംശയം തെളിയിച്ച കൊലപാതകം


കോഴിക്കോട്∙ വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ തുടർന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ പൊലീസ് പ്രതി ചേർത്ത ലിബ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. വിദേശത്തുനിന്ന് എത്തിയ ഇവരെ പൊലീസ് മുൻപു നൽകിയ ലുക്കൗട്ട് നോട്ടിസ് പ്രകാരമാണ് പിടികൂടിയത്. ഇവരെ അന്വേഷണസംഘത്തിനു കൈമാറും.ഹേമചന്ദ്രൻ വധക്കേസിന്റെ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായി ഉൾപ്പെടുത്തിയ ലിബ (41) വിദേശത്തേക്കു കടന്നിരുന്നു. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്ക് ഹണി ട്രാപ്പ് കോളിലൂടെ ആകർഷിച്ച് വരുത്താൻ കണ്ണൂർ സ്വദേശിയായ ലിബയാണ് സഹായിച്ചതെന്നാണ് 2025 സെപ്റ്റംബർ 22 ന് കോഴിക്കോട് കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച 445 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം കൂടി ഉൾപ്പെടുന്നതിനാൽ വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലിബയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. കേസിൽ മുഖ്യപ്രതിയായ പുല്ലമ്പി വീട്ടിൽ നൗഷാദ്(33) ഉൾപ്പെടെ പിടിയിലായ മറ്റ് അഞ്ചു പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.വനത്തിൽനിന്നു കണ്ടെത്തിയ മൃതദേഹം ഹേമചന്ദ്രന്റേതു തന്നെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെയാണ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശരീരത്തിലേറ്റ ക്രൂരമായ മർദനവും ഗുരുതരമായ പരുക്കുകളുമാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഹേമചന്ദ്രനും കേസിലെ മുഖ്യപ്രതി നൗഷാദും തമ്മിലുണ്ടായിരുന്ന വലിയ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. ചിട്ടിക്കമ്പനിയുടെ പേരിലും പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞും ഹേമചന്ദ്രൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നതായി മൊഴികളിൽ തെളിഞ്ഞു. 


Source link

Back to top button