NEWS

വീര്യമില്ലാത്ത വിയോജിപ്പ്: ചട്ടഭേദഗതിയിൽ അന്ന് യോജിക്കാതെ യുഡിഎഫ്; കത്തു നൽകിയെന്ന് തിരുവഞ്ചൂർ


തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തുന്നതിനു നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകിയത് യുഡിഎഫിന്റെ വിയോജിപ്പില്ലാതെയെന്നു നിയമസഭാ രേഖ. കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.ബാബുവും യോഗത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചതായി പരാമർശിച്ചിട്ടുണ്ടെങ്കിലും വിയോജിച്ചതായി രേഖകളിലില്ല.എന്നാൽ, വിയോജിപ്പ് മിനിറ്റ്സിൽ രേഖപ്പെടുത്തിയില്ലെന്നു പിന്നീടു മനസ്സിലായപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിറ്റി അധ്യക്ഷൻ കെ.എൻ.ബാലഗോപാലിനു കത്തു നൽകിയിരുന്നുവെന്നു തിരുവഞ്ചൂർ ‘മനോരമ’യോടു പ്രതികരിച്ചു. ധനകാര്യ സബ്ജക്ട് കമ്മിറ്റി 2022 നവംബർ 9നു ചേർന്ന യോഗത്തിലാണു ചട്ടഭേദഗതി നിർദേശം പരിഗണിച്ചത്. ‘വീര്യം കുറ‍ഞ്ഞ മദ്യത്തിന്റെ വിൽപന നടത്തുന്നതിന് അനുമതി നൽകാൻ തയാറാക്കിയ വിദേശമദ്യ ചട്ടം (അഞ്ചാം ഭേദഗതി) കമ്മിറ്റി പരിഗണിക്കുകയും ഭേദഗതികൾ കൂടാതെ അംഗീകരിക്കുകയും ചെയ്തു’ എന്നാണു കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്.എൽഡിഎഫിൽനിന്നു മന്ത്രി എം.ബി.രാജേഷ്, കെ.ടി.ജലീൽ, ഡി.കെ.മുരളി, തോട്ടത്തിൽ രവീന്ദ്രൻ, കെ.വി.സുമേഷ്, ഇ.കെ.വിജയൻ എന്നിവരും പങ്കെടുത്തു. അന്നു ജിഎസ്ടി കമ്മിഷണറും ഇപ്പോൾ ധന (വിഭവസമാഹരണം) സെക്രട്ടറിയുമായ അജിത് പാട്ടീൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.


Source link

Back to top button