മുട്ടിൽ മരംമുറി കേസ്; മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്‌ത് ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്‌ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാൻ നേരത്തേ സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. പുനപരിശോധനാ ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ തുടർ നടപടികൾ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
2020 – 21 കാലയളവിലാണ് സംസ്ഥാനത്ത് വിവാദമായ മുട്ടിൽ മരംമുറി നടന്നത്. ഈ കേസിലെ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള മരത്തടികൾ മഴയും വെയിലുമേറ്റ് നശിക്കുന്ന സാഹചര്യത്തിൽ മരം ലേലം ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വനംവകുപ്പാണ് സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇതിനായി കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘവും വനംവകുപ്പും ചേർന്ന് മരത്തടികളുടെ കണക്കെടുത്ത് അറിയിക്കുകയും ചെയ്‌തു. തുടർന്നാണ് ലേലം ചെയ്യാൻ ഈ മാസം 16-ാം തീയതി അനുമതി നൽകിയത്. ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്‌തത്. വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് മുട്ടിൽമരം മുറിയുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ.
Source link
NEWS


