BUSINESS
‘നിർമലാ സീതാരാമൻ പടിയിറങ്ങുന്നോ?’ കേന്ദ്ര ധനമന്ത്രിയായി പകരമാര്? മുൻ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന് സാധ്യത

കേന്ദ്ര ധനമന്ത്രി സ്ഥാനത്തേക്ക് മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വരുമോ? നിർമലാ സീതാരാമന് ദീർഘകാലമായി കൈവശമുള്ള ധനവകുപ്പ് നഷ്ടമാകുമോ? ഇങ്ങനെയൊരു മാറ്റത്തിന് സാധ്യതയുണ്ടെന്ന തരം ചർച്ചകൾ നടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷായും, രാഷ്ട്രപതിയും തമ്മിലും കൂടിക്കാഴ്ച്ച നടന്നിരുന്നു. ഇത് കേന്ദ്ര മന്ത്രി സഭാ പുനഃസംഘടന നടത്തുന്നതുമായി ബന്ധപ്പെട്ടാണെന്ന തരത്തിലുള്ള ചർച്ചകൾ ഇതോടെ സജീവമായി. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുമ്പു തന്നെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചു പണികളുണ്ടായേക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കേന്ദ്ര ധനമന്ത്രിയായേക്കും എന്ന തരത്തിലുള്ള വാദഗതികളും സജീവമാണ്. നിലവിലെ ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം ഈ വിഷയത്തിൽ കേന്ദ്ര സർക്കാരോ, ബി.ജെ.പിയോ ഔദ്യോഗികമായി അറിയിപ്പുകളൊന്നും ഇതുവരെ നൽകിയിട്ടില്ല. നിർമലാ സീതാരാമൻധനകാര്യം, കോർപറേറ്റ് അഫയേഴ്സ് എന്നീ പ്രധാന വകുപ്പുകളുടെ ചുമതല നിർമലാ സീതാരാമൻ 2019 മുതൽ വഹിച്ചു വരുന്നു. ഇന്ത്യയിൽ ആദ്യത്തെ മുഴുവൻ സമയ വനിതാ കേന്ദ്ര മന്ത്രി എന്ന സ്ഥാനമാണ് നിർമലാ സീതാരാമന് 2019ൽ ലഭിച്ചത്. ഇതിന് മുമ്പ് 2017-19 കാലയളവിൽ കേന്ദ്ര പ്രതിരോധ മന്ത്രി, 2014-17 കാലഘട്ടത്തിൽ കൊമേഴ്സ് & ഇൻഡസ്ട്രിയുടെ സ്വതന്ത്ര ചുമതല എന്നിവ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റാണ് അവർ അവതരിപ്പിച്ചത്. ശക്തികാന്ത ദാസ്സാമ്പത്തിക മേഖലയിൽ നാല് പതിറ്റാണ്ടിലധികം അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ശക്തികാന്ത ദാസ്. 2018 മുതൽ 2024 വരെ റിസർവ് ബാങ്കിന്റെ 25ാമത് ഗവർണറായി അദ്ദേഹം ചുമതല വഹിച്ചു. ഇതിന് മുമ്പ് 15ാം ധനകാര്യ കമ്മീഷൻ അംഗമായിരുന്നു. ജി20യിൽ ഇന്ത്യയുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ഫിനാൻസ്, ടാക്സേഷൻ, ഇൻഡസ്ട്രീസ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് നിർണായകമായ പല ചുമതലകൾ വഹിച്ചുഎട്ട് കേന്ദ്ര ബജറ്റുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായകമായ സാന്നിദ്ധ്യമായി. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ന്യൂ ഡെവലപ്മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവിടങ്ങളിൽ ഇന്ത്യയുടെ Alternate Governor എന്ന പദവിയും വഹിച്ചിട്ടുണ്ട്. പ്രമുഖ ലോക സാമ്പത്തിക ഫോറങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട്
Source link


