‘അമ്മയിൽ പുതിയ കമ്മിറ്റി ഉടൻ വരും, അവരെല്ലാം നോക്കിക്കോളും’; രമേഷ് പിഷാരടി

കൊച്ചി: അമ്മയിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. അംഗങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പിഷാരടി പറഞ്ഞു. അമ്മയുടെ സ്ഥിരംഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
‘അഡ്ഹോക്ക് കമ്മിറ്റിയെന്നാൽ സാങ്കേതികമായി അതൊരു കടലാസ് കമ്മിറ്റിയാണ്. ഏറ്റവും അടുത്ത കാലയളവിൽത്തന്നെ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുകയെന്നതാണ് അഡ്ഹോക് കമ്മിറ്റിയുടെ ഉത്തരവാദിത്തം. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് അധികാരമുള്ള കമ്മിറ്റിയല്ല. പക്ഷേ, നമ്മളെല്ലാവരും പരസ്പരം അറിയുന്നവരാണ്. ആ നിലയ്ക്ക് സംഘടനയുടെ ക്ഷേമത്തിന്റെ ഭാഗമായി നിലവിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന ചർച്ചകളും ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്.
ഗണേഷ്കുമാർ, ഷാജോൺ എന്നിവർ ഓൺലൈനിലൂടെയും മറ്റുള്ളവർ അമ്മയുടെ ഓഫീസിലുമെത്തി ഇന്നലെ അഡ്ഹോക് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. യോഗത്തിലെടുത്ത തീരുമാനങ്ങൾ പൊതുമാദ്ധ്യമത്തിൽ പറയുന്നവിധത്തിൽ എത്തിയിട്ടില്ല. നിലവിൽ പുതിയ കമ്മിറ്റിയ്ക്കായുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുകയെന്നതാണ് പ്രധാന ലക്ഷ്യം.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടനയെന്ന നിലയ്ക്ക് അതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ അതിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയ്ക്ക് മാനസികമായൊരു വേദനയുണ്ട്. അതിനാൽ വ്യക്തിപരമായി ആളുകൾക്കിടയിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും അതിലുണ്ടായിട്ടുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പുകളും പരിഹരിക്കപ്പെടണം. വ്യക്തികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്ന ഒരു കമ്മിറ്റിയെ അമ്മയുടെ ചുമതല ഏൽപിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഉദ്ദേശ്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ട് കമ്മിറ്റിയിൽ നിന്ന് രാജിവച്ച എല്ലാ അംഗങ്ങളോടും സംസാരിച്ചു. അൻസിബയോട് ഒരു മണിക്കൂറിലധികം സംസാരിച്ചു. അവരെയെല്ലാം കേൾക്കുന്നുണ്ട്. പ്രശ്നങ്ങൾ എങ്ങനെയുണ്ടായി? നിലവിൽ അതെങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്.
എല്ലാ കാര്യങ്ങളുടെയും രണ്ടുവശങ്ങളും പരിശോധിക്കും. ചിലയാളുകളെങ്കിലും വൈകാരികമായി പ്രതികരിക്കുകയും പൊതുമാദ്ധ്യമങ്ങളിൽ ഇതേക്കുറിച്ച് പറയുകയും ചെയ്യുന്നതുകൊണ്ടാണ് വളരെ വലിയ പ്രശ്നങ്ങളായി തോന്നുന്നത്. ഗൗരവമുള്ള പ്രശ്നങ്ങളുണ്ട്, ചിലതൊന്നും ഗൗരവമുള്ളതല്ല. എല്ലാം പരിഹരിക്കപ്പെടും. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും. അവരെല്ലാം കൃത്യമായി നോക്കിക്കൊള്ളും. എത്രത്തോളം ഇടപെടാനാകുമോ അത്രത്തോളം ആഴങ്ങളിൽ ഇടപെട്ട് പരിഹാരം കാണും.
ഒരു സ്ഥിരം ഭാരവാഹിത്വത്തിലേക്ക് ഞാൻ വരില്ല. എനിക്കിവിടെ പാലക്കാടുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങളുണ്ട്. അഡ്ഹോക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്തം എനിക്ക് നൽകിയെന്ന് അറിഞ്ഞതുതന്നെ വാർത്തയിലൂടെയാണ്. എന്തെങ്കിലും വന്നാൽ ഏറ്റെടുക്കേണ്ടി വരുമെന്നുള്ളതു നേരത്തെ പറഞ്ഞിരുന്നു. അതൊക്കെ നമ്മൾ ചെയ്യണം. എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാവുന്നതേയുള്ളു’ രമേഷ് പിഷാരടി പറഞ്ഞു.
RELATED TOPICS: AMMA, RAMESH PISHARODY, MALAYALAM CINEMA, MOLLYWOOD, AMMA ELECTION, ADHOC COMMITTE, ANSIBA, KOCHI, MALAYALAM FILM INDUSTRY
Source link
NEWS


