NEWS
സ്വർണം ഒരു ലക്ഷത്തിലേക്കില്ല, വില വീണ്ടും വർധിച്ചു, ഡോളറിന്റെ കരുത്തും പലിശപ്പേടിയും പിടിമുറുക്കുന്നു, സ്വർണവില എങ്ങോട്ട്?

പവന് ഒരു ലക്ഷം രൂപയുടെ താഴേക്ക് പോകുമെന്നു കരുതിയ സ്വർണവിലയിൽ മുന്നേറ്റം. കേരളത്തിൽ ഗ്രാമിന് 25 രൂപ വർധിച്ച് 12,980 രൂപയിലെത്തി. പവൻ വില 200 രൂപ കൂടി 1,03,840 രൂപയിലേക്കുമെത്തി. രാജ്യാന്തര വിപണിയിൽ ഔൺസിന് 4000 ഡോളർ നിലവാരത്തിൽ തന്നെ സ്വർണം തുടരുന്നതാണ് മാറ്റത്തിന് കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയെന്ന വിലയാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ്. ഇതിനു ശേഷം സ്വർണവില പവന് ഇടിഞ്ഞത് 27,320 രൂപ. ഏകദേശം 21 ശതമാനം.അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ശക്തിപ്പെട്ടതും അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണം, വെള്ളി വിലയിൽ ആഘാതമേൽപ്പിക്കുകയാണ്. സ്വർണവില 2025 നവംബറിനു ശേഷം ഇതാദ്യമായി ഔൺസിന് 4000 ഡോളറിൽ താഴെയെത്തി. 2025ന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയായ ഔൺസിന് 5594.82 ഡോളറിൽ നിന്ന് 29 ശതമാനം ഇടിവ്. തുടർച്ചയായ നാലാം ആഴ്ചയും സ്വർണം നഷ്ടത്തിലാണ്. അമേരിക്കൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണവിലയെ കൂടുതൽ താഴ്ത്തുന്നത്.ഫെഡറൽ റിസർവിന്റെ തീരുമാനമെന്താകുമെന്ന് കൃത്യമായി അറിയുന്നതു വരെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. 4000 ഡോളറെന്ന പിന്തുണ സ്വർണം ഭേദിച്ചു കഴിഞ്ഞു. ഇനി 3950 ഡോളറിലാണ് പിന്തുണയുള്ളത്. ഇതുകൂടി കഴിഞ്ഞാൽ വില 3600ലേക്ക് കൂപ്പുകുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ സ്വർണവില പവന് 90,000 രൂപയിലേക്ക് താഴാനാണ് സാധ്യത. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ സ്വർണവില മികച്ച രീതിയിൽ മുന്നേറുമെന്നും വിദഗ്ധർ പറയുന്നു.
Source link


