NEWS

വില്ലിങ്ഡൺ‍ ഐലൻഡിലെ റെയിൽവേ പാളം മോഷണം: റെയിൽവേ സുരക്ഷാ സേന കേസെടുക്കും


കൊച്ചി ∙ വില്ലിങ്ഡൺ‍ ഐലൻഡിലെ തുറമുഖ അതോറിറ്റിയുടെ സ്ഥലത്തു നിന്നു റെയിൽവേ പാളം മോഷണം പോയ സംഭവത്തിൽ റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) കേസെടുക്കും. തുറമുഖ അധികൃതർ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ പരാതി നൽകാൻ ഇവർ ഹാർബർ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആർപിഎഫിലാണു പരാതി നൽകേണ്ടതെന്നു പറഞ്ഞ് ഇവരെ തിരിച്ചയച്ചതിനെത്തുടർന്ന് ആർപിഎഫിനെ വിവരമറിയിച്ചു.240 മീറ്റർ നീളത്തിലാണു പാളമുണ്ടായിരുന്നത്. നഷ്ടപ്പെട്ട പാളത്തിന്റെ നീളവും അളവും റെയിൽവേ ഉദ്യോഗസ്ഥർ ഇന്നലെ തിട്ടപ്പെടുത്തി. എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗങ്ങളും ആർപിഎഫ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാന ഗേറ്റ് കൂടാതെ പൂട്ടാതിരുന്ന മറ്റൊരു ഗേറ്റ് ഇതേ കോംപൗണ്ടിലുണ്ടായിരുന്നു. ഈ ഗേറ്റുവഴി വാഹനങ്ങളൊന്നും കഴിഞ്ഞ ദിവസങ്ങളിൽ പോയിട്ടില്ല. ഇവിടെ കാടുതെളിച്ച് പുതിയ ചങ്ങല ഉപയോഗിച്ചു താഴിട്ടു പൂട്ടി. എറണാകുളം വാർഫിനകത്തെ ക്യു9 ബർത്തിനു സമീപത്തെ പാളത്തിന്റെ ഭാഗങ്ങളാണു കാണാതായത്. ഇതിന്റെ ഭാരവും കൃത്യമായ അളവും കണ്ടെത്തുന്നതിനു വിശദമായ പരാശോധന ആവശ്യമാണ്.


Source link

Back to top button