മാസപ്പടി കേസിൽ വീണയ്ക്ക് തിരിച്ചടി; നിർണായക രേഖകൾ ഇഡിയ്ക്ക് കൈമാറി എസ്എഫ്ഐഒ

കൊച്ചി: മാസപ്പടി കേസിലെ നിർണായക രേഖകൾ ഇഡിക്ക് കൈമാറി എസ്എഫ്ഐഒ. കോടതിയിൽ ഹാജരാക്കിയ 134 സുപ്രധാന രേഖകളാണ് ഇഡിക്ക് ലഭിച്ചത്. കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഇഡി നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. ഈ നീക്കത്തെ സിഎംആർഎൽ കോടതിയിൽ എതിർത്തെങ്കിലും തടസവാദങ്ങൾ തള്ളിക്കൊണ്ട് രേഖകൾ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു. എന്നാൽ കോടതി ഉത്തരവ് വന്നിട്ടും രേഖകൾ ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
വീണയും സിഎംആർഎല്ലും തമ്മിലുള്ള കരാർ, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള സുപ്രധാന രേഖകളാണ് എസ്എഫ്ഐഒ ഇഡിക്ക് കൈമാറിയത്. ഈ മാസം 29ന് വീണ വിജയനെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രേഖകൾ ലഭ്യമായത് അന്വേഷണത്തിന് കരുത്താകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. അതേസമയം, ഈ മാസം 17 ന് വീണയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പല രേഖകളും ഹാജരാക്കാൻ സാവകാശം വേണമെന്ന് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29ലെ ചോദ്യം ചെയ്യൽ.
Source link
NEWS


