NEWS

പൊലീസ് പരിശോധന മുൻകൂട്ടി അറിയാൻ ടിപ്പറുകൾക്ക് പൈലറ്റ് വാഹനം: സന്ദേശം വാട്സാപിൽ കൈമാറും; റൂട്ട് മാറ്റും


പത്തനംതിട്ട ∙ കയറ്റാവുന്നതിന്റെ ഇരട്ടിയിലധികം ഭാരവുമായി നിരത്തിലൂടെ മരണപ്പാച്ചിൽ നടത്തുകയാണ് ടിപ്പറുകൾ. അപകടകരമായ രീതിയിൽ ടിപ്പർ ഓടിക്കുന്നവരെ പിടികൂടാനായി മോട്ടർ വാഹനവകുപ്പും പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും ഫലമില്ല. പുലർച്ചെ 4 മണി മുതലാണ് ടിപ്പറുകൾ ഓട്ടം തുടങ്ങുന്നത്. പല വാഹനങ്ങളിലും അമിതമായ ലോഡും ഉണ്ടാകും. പൊലീസ് പരിശോധന റോഡിൽ ഉണ്ടോയെന്നു നോക്കാൻ മുൻപിൽ ഇവരുടെ തന്നെ പൈലറ്റ് വാഹനം സഞ്ചരിക്കും. എവിടെങ്കിലും പരിശോധന ഉണ്ടെങ്കിൽ ഉടൻ വാട്സാപ് ഗ്രൂപ്പിൽ വിവരം എത്തുകയും ചെയ്യും.  ഇതോടെ യാത്രയുടെ റൂട്ട് മാറ്റും. വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും എതിരെവരുന്ന വാഹന യാത്രക്കാർക്കും ഒരുപോലെ വെല്ലുവിളി ഉയർത്തിയാണ് യാത്ര.വലിയ വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലാതെ പാതകൾ  ജില്ലയിലെ മലയോര മേഖലയിൽനിന്ന് ക്വാറി ഉൽപന്നങ്ങളുമായി വരുന്ന ടിപ്പർ ലോറികൾക്ക് കൊല്ലം ജില്ലയിലേക്കുള്ള പ്രധാന മാർഗങ്ങളാണ് അടൂർ–ശാസ്താംകോട്ട റോ‍ഡും ഏഴംകുളം–കടമ്പനാട് മിനി ഹൈവേയും. ആലപ്പുഴ ജില്ലയിലേക്കുള്ള പാതയാണ് കായംകുളം–പുനലൂർ റോഡ്. സ്കൂൾ കവലകൾ ഉൾപ്പെടെ തിരക്കേറിയ ജംക്‌ഷനുകൾ കടന്നാണ് അമിത ഭാരം കയറ്റിയ ഈ വാഹനങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തുന്നത്. എന്നാൽ, മൂന്നു പാതകളിലും നിലവിൽ വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയും ഗതാഗത സുരക്ഷയുമില്ല. കൂടുതൽ ടേണുകൾ പൂർത്തിയാക്കാനുള്ള പാച്ചിലിനിടയിലാണു ടിപ്പർ ലോറികൾ അപകടത്തിൽപെടുന്നത്. കായംകുളം പുനലൂർ റോഡിൽ പതിനാലാംമൈൽ, പറക്കോട് എന്നിവിടങ്ങളിൽ ടിപ്പർ ലോറികൾ അപകടത്തിൽപെട്ടു മരണം സംഭവിച്ചിട്ടുണ്ട്.  റാന്നി ബ്ലോക്കുപടിക്കു സമീപം ടിപ്പർ ലോറിയിൽനിന്ന് കല്ല് തെറിച്ചു റോഡിൽ വീണ് അപകടം ഉണ്ടായിട്ടുണ്ട്. സ്കൂൾ കവലകൾ, ആശുപത്രി കവലകൾ എന്നിവിടങ്ങളിൽ മതിയായ വേഗനിയന്ത്രണ സംവിധാനങ്ങളില്ല.രണ്ട് മാസം മുൻപ് വാലുപാറ ഭാഗത്ത് ടിപ്പർ ലോറി മറ്റൊരു ലോറിക്കു പിന്നിലിടിച്ചും അപകടമുണ്ടായി.  അതിനു മുൻപ് മുറിഞ്ഞകൽ കല്ലുവിള ഭാഗത്തെ വളവിൽ ടിപ്പർ ലോറി അപകടത്തിൽപെട്ട സംഭവമുണ്ടായി. കോന്നി പഞ്ചായത്തിലെ അടുകാട് ക്രഷർ യൂണിറ്റിൽ നിന്ന് ഭാരം കയറ്റിയ ടിപ്പർ ലോറികൾ പലതവണ കോന്നി – തണ്ണിത്തോട് റോഡിലെ പയ്യനാമൺ പഴയ പോസ്റ്റ് ഓഫിസ് ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട റബർത്തോട്ടത്തിലേക്കു മറിഞ്ഞിട്ടുണ്ട്. ഒരുതവണ ലോറിയുടെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തിൽ അമിത ഭാരം കയറ്റി വര‌ുമ്പോൾ ബ്രേക്ക് സംവിധാനം തകരാറിലായാണ് അപകടമുണ്ടാകുന്നത്. ഇത് പലതവണ ഉണ്ടായിട്ടും മോട്ടർവാഹന വകുപ്പോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.


Source link

Back to top button