BUSINESS

ചരക്കുനീക്കമില്ല; കൊച്ചിയിൽ അര കിലോമീറ്റർ റെയിൽ പാളം അടിച്ചുമാറ്റി, വൻ ദുരൂഹത


കൊച്ചി∙ അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയെന്നു സംശയം. വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോലും കണ്ണു വെട്ടിച്ചാണു വൻതുക വില മതിക്കുന്ന ലോഹഭാഗങ്ങൾ പുറത്തേക്കു കടത്തിയത്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണു വിവരം. പൊലീസിൽ പരാതി നൽകിയിട്ടില്ല.സംഭവം പുറത്തറിഞ്ഞതോടെ ഇന്നലെ വൈകിട്ട് റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂർ എച്ച്എൻഎല്ലിലേക്കു മുൻപു കൽക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക് വഴിയാണ്. പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനവും അവർ തന്നെയാണു ചെയ്തിരുന്നത്. റെയിൽവേ ലൈൻ റോഡിലേക്ക് തുറക്കുന്ന ഭാഗത്തു ഗേറ്റ് ഉണ്ട്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്തു ചിതറിക്കിടക്കുന്നുണ്ട്.   പുറത്തു നിന്ന് അനുവാദമില്ലാതെ അത്രയെളുപ്പം ആർക്കും കടക്കാൻ കഴിയാത്ത മേഖലയിൽ നിന്ന് ഇത്രയേറെ അളവു റെയിൽവേ ട്രാക്ക് മോഷണം പോയതിൽ വലിയ ദുരൂഹതയും സുരക്ഷാ വീഴ്ചയുമുണ്ട്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു കാണാതായത്.ടാറ്റാ ടെറ്റ്ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനു മുന്നിലെത്തുന്ന റോഡിനു കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയിൽവേ ലൈൻ. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവിടെ കാവലുണ്ട്.


Source link

Back to top button