NEWS

ഉഗ്രശബ്ദം, കുട്ടികളുടെ നിലവിളി, ദാരുണ കാഴ്ചകൾ, മുക്കോണി മുക്കിന് തീരാ ദുഃഖമായി ദുരന്തം


കൊട്ടാരക്കര∙ രാവിലെ 7:02. നിശബ്ദമായി ഉറങ്ങിയെഴുന്നേറ്റ മുക്കോണിമുക്കിനെ പിടിച്ചുലച്ചത് ഉഗ്രശബ്ദവും തുടർന്നുണ്ടായ കുട്ടികളുടെ ആർത്തനാദവും. എങ്ങും കൂട്ടക്കരച്ചിൽ, ഓടിയെത്തുന്ന രക്ഷാപ്രവർത്തകർ,ആംബുലൻസുകൾ… മുക്കോണി മുക്കിന് തീരാ ദുഃഖമായി ഇന്നലെ പ്രഭാതത്തിലെ ടിപ്പർ ദുരന്തം. മരിച്ച പാർഥിപും അജയൻ ആചാരിയും എന്നും രാവിലെ ഈ കവലയിൽ ബസ് കാത്ത് നിൽക്കുന്നവരാണ്. മരിച്ച മറ്റൊരാളായ ഹരിലാൽ സ്വദേശമായ കുടവെട്ടൂരിൽ നിന്നു സ്ഥിരമായി ഈ റൂട്ടിൽ രാവിലെ ബൈക്കോടിച്ച് എത്തുന്നയാളും. ഇന്നലെ ബസ് കാത്തു നിന്ന ഏകദേശം 15 പേരിൽ കൊട്ടാരക്കരയിലും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിൽ പഠിക്കുന്നവരായിരുന്നു കൂടുതലും. അപകടം അറിഞ്ഞ് ഓടിയെത്തിയത് അവിടെ കട നടത്തുന്ന ഉണ്ണിക്കൃഷ്ണനും സമീപവാസിയായ ഷിബുവും. മണ്ണിനടിയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ പെട്ടിട്ടുണ്ടെന്ന സംശയത്തിൽ മണ്ണ് മാറ്റാനുള്ള ശ്രമം ആദ്യം നടത്തി. എന്നാൽ പശപ്പുള്ള ചെമ്മണ്ണ് കൈകൊണ്ട് വാരിയെടുക്കാൻ കഴിഞ്ഞില്ല. അടുത്തൊരു വീട്ടിൽ നിന്നെടുത്ത മൺവെട്ടി ഉപയോഗിച്ചാണ് പിന്നീട് മണ്ണ് നീക്കിയത്. ആദ്യം പുറത്തെടുത്ത കുട്ടിയെ അതു വഴിയെത്തിയ ഓട്ടോറിക്ഷയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. തൊട്ടടുത്ത കുട്ടിയെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്.


Source link

Back to top button