NEWS
വലതുകയ്യിലൂടെ ടിപ്പർ കയറിയിറങ്ങി; തൊട്ടപ്പുറത്ത് ജീവൻ നഷ്ടമായ ഭർത്താവ്, നസീഹയയുടെ കൺമുന്നിലുണ്ട് ആ ദൃശ്യം

കഴക്കൂട്ടം ∙ വലതുകയ്യിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുന്നതിന്റെ വേദന, തൊട്ടപ്പുറത്ത് ഭർത്താവിന്റെ ജീവൻ നഷ്ടമാകുന്ന കാഴ്ച. കണിയാപുരം ജവാകോട്ടേജിനു സമീപം പള്ളിനട ചിറയ്ക്കലിൽ നസീഹയ്ക്ക് (37) ഇന്നും ഞെട്ടൽ മാറിയിട്ടില്ല. 2025 സെപ്റ്റംബർ 24ന് വൈകിട്ടായിരുന്നു അപകടം. ഭർത്താവ് റഹീമിന്റെ (45) രോഗിയായ ഉമ്മയെ കാണാൻ അദ്ദേഹത്തിനൊപ്പം വെമ്പായത്തെ കുടുംബവീട്ടിലേക്കു ബൈക്കിൽ പോകുകയായിരുന്നു നസീഹ. ചാത്തൻപാട്ടുവച്ചാണ് അമിതവേഗത്തിലെത്തിയ ടിപ്പർ മറ്റൊരു വാഹനത്തെ മറികടന്നു ബൈക്കിൽ ഇടിച്ചത്. റോഡിലേക്കു തെറിച്ചുവീണ റഹീമിന്റെ ദേഹത്തുകൂടി ടിപ്പർ കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. നസീഹയുടെ വലതുകയ്യിലൂടെയാണു ടിപ്പർ കയറിയിറങ്ങിയത്. ദേഹത്തു പലഭാഗത്തും ഗുരുതര പരുക്കേറ്റു. മാസങ്ങളോളം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ നസീഹയെ പല ശസ്‌ത്രക്രിയകൾക്കു വിധേയയാക്കി. കയ്യിൽ സ്റ്റീൽ കമ്പി ഘടിപ്പിച്ചു. ഇപ്പോൾ വീട്ടിലാണെങ്കിലും അന്നു തകർന്ന വലതുകൈ അനക്കാനാകില്ല. ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്. ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പാചകത്തൊഴിലാളിയായ റഹീമിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. റഹീമിന്റെ മരണത്തോടെ 2 മക്കളെ പഠിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് നസീഹ.
Source link


