NEWS

കാലവർഷം പിണങ്ങിപ്പോയി (ഡെക്ക്)​ വൈദ്യുതിക്ക് മഴക്കാലത്തും സർചാർജ്

തിരുവനന്തപുരം: കാലവർഷം പിണങ്ങിയത് മൂലമുണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ കെ.എസ്.ഇ.ബി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഉപഭോക്താക്കൾക്ക് അധികബാദ്ധ്യതയാകും. മുൻകാലങ്ങളിൽ വേനൽക്കാലത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ അധികബാദ്ധ്യതയാണ് സർചാർജ്ജായും നിരക്കു വർദ്ധനയായും എത്തിയിരുന്നത്. കാലവർഷം ചതിച്ചതോടെ ജൂൺ ഉൾപ്പെടെയുള്ള മഴ സീസണിലെ വൈദ്യുതിക്കും സർചാർജ് നൽകണം.

പീക് സമയ വൈദ്യുതിക്ക്,​ യൂണിറ്റിന് 10 രൂപയിലധികം വിലനൽകേണ്ട സാഹചര്യമാണിപ്പോൾ. കൈമാറ്റകരാറുകൾ വഴി വിവിധ സംസ്ഥാനങ്ങൾക്ക് വൈദ്യുതി തിരിച്ചുനൽകാൻ കെ.എസ്.ഇ.ബി നിർബന്ധിതമാണ്. ഇത് നിലവിലെ പ്രതിസന്ധി കൂട്ടും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിച്ചുതുടങ്ങിയെന്ന റിപ്പോർട്ടുകൾ കെ.എസ്.ഇ.ബി പ്രതീക്ഷയോടെയാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാവുകയും ചൂട് കുറയുകയും ചെയ്താൽ വിപണിയിൽ വൈദ്യുതി ആവശ്യാനുസരണം ലഭിക്കും.

കൈമാറ്റക്കരാർ പ്രതിസന്ധിയിൽ

കൂടുതൽ വൈദ്യുതി ആവശ്യമുള്ള മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുകയും ഉപഭോഗം കുറവുള്ള ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ അതേ അളവിൽ വൈദ്യുതി തിരികെ നൽകുകയും ചെയ്തിരുന്നു. ഇത്തവണ മഴ കുറയുകയും ഇവിടെ വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്തതോടെ കൈമാറ്റക്കരാർ പാലിക്കാനാവാതായി. വാങ്ങിയത് അതേഅളവിൽ തിരികെ നൽകാൻ ബാദ്ധ്യസ്ഥമാണ്.

തിരികെ 500 മെഗാവാട്ട് വരെ

കൈമാറ്റക്കരാറുകൾ വഴി 500 മെഗാവാട്ട് വരെ വൈദ്യുതി കെ.എസ്.ഇ.ബി വിവിധ സംസ്ഥാനങ്ങളിലെ കമ്പനികൾക്ക് ഇപ്പോൾ തിരിച്ചു നൽകേണ്ടതുണ്ട്. നിലവിൽ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് കാരണങ്ങളിലൊന്ന് ഇതാണ്.

ഇന്ന് തെളിവെടുപ്പ്

ഡിസംബർ വരെ പീക് സമയത്തേക്ക് ഹ്രസ്വകാല കരാറുകൾ വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചതിന് അനുമതി തേടിയുള്ള അപേക്ഷ റഗുലേറ്ററി കമ്മിഷൻ ഇന്ന് പരിഗണിക്കും. വൈകിട്ട് മൂന്നിന് കമ്മിഷൻ കോർട്ട് ഹാളിലാണ് തെളിവെടുപ്പ്.


Source link
NEWS

Back to top button