LIFESTYLE
അതിരിലെ തെങ്ങിന്റെ പേരിൽ അയൽവാസികൾ തമ്മിൽ പൊരിഞ്ഞ തർക്കം; ഒടുവിൽ കേസ് കോടതിയിൽ എത്തിയപ്പോൾ ട്വിസ്റ്റ്!

അതിരിൽ നിൽക്കുന്ന തെങ്ങിന്റെ പേരിൽ അയൽക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൽകിയ ഹർജിയിൽ ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിൾ വചനം ഇരുവർക്കും ഉപദേശമായി നൽകി ഹൈക്കോടതി. അടിയന്തര സഹായത്തിന് അയൽവാസി മാത്രമേയുണ്ടാകൂ എന്ന് ഇരുവരും ഓർക്കണമെന്നും ഇത് മനസ്സിൽ വച്ച് ഈ നിസ്സാരപ്രശ്നം ഒരുമിച്ച് ചായ കുടിച്ച് പരിഹരിക്കാനും ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. കക്ഷികളുടെ വാശിയാണ് നിസ്സാര പ്രശ്നത്തെ ഇത്രത്തോളം എത്തിച്ചതെന്നും കോടതി പറഞ്ഞു. അയൽവാസിയുടെ തെങ്ങ് തനിക്കും കുടുംബത്തിനും വലിയ നഷ്ടമുണ്ടാക്കുന്നെന്നു കാണിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കാറ്റത്തു തെങ്ങ് തന്റെ വീട്ടിലേക്ക് മറിയാൻ സാധ്യതയുണ്ടെന്നും തേങ്ങ വീണ് വാഹനങ്ങൾക്കടക്കം കേടുപാടുണ്ടായെന്നും ചൂണ്ടിക്കാട്ടി.ഇക്കാര്യത്തിൽ വിവിധ തലത്തിൽ അധികൃതർ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തി. പഞ്ചായത്തിൽ നൽകിയ പരാതിയുെട അടിസ്ഥാനത്തിൽ എതിർകക്ഷി തെങ്ങ് കമ്പികൊണ്ട് വലിച്ചുകെട്ടുകയും തലപ്പത്ത് വലയിടുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനും അപകടം ഒഴിവാക്കാൻ നിർദേശങ്ങൾ നൽകി. എന്നാൽ ഹർജിക്കാരൻ തൃപ്തനായില്ല. തുടർന്ന് ഹൈക്കോടതി അഭിഭാഷകനെ നിയോഗിച്ചു. ഇതിനുള്ള പ്രതിഫലമായ ഒരുലക്ഷം രൂപ വഹിക്കാനും ഹർജിക്കാരൻ തയാറായി. തെങ്ങിന് ബലക്ഷയമില്ലെന്നും വലിച്ചു കെട്ടിയിട്ടുണ്ടെന്നും തേങ്ങ നിലംപതിക്കാതിരിക്കാൻ മുൻകരുതലുണ്ടെന്നും കമ്മിഷൻ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് നൽകി. എന്നാൽ തെങ്ങുകയറ്റക്കാരൻ വെട്ടിയിട്ട ഓല തന്റെ പറമ്പിലേക്ക് വീണുവെന്ന ആരോപണവുമായി ഹർജിക്കാരൻ വീണ്ടും വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കി. തെങ്ങിന് ചിരിക്കാൻ കഴിവുണ്ടെങ്കിൽ ഈ തർക്കം കണ്ട് ചിരിക്കുമായിരുന്നു എന്നും സ്വയം നിലംപതിക്കാൻ സാധിച്ചിരുന്നെങ്കിൽ തെങ്ങ് അത് ചെയ്ത് തർക്കം ഒഴിവാക്കിയേനെ എന്നും കോടതി പറഞ്ഞു.
Source link
CINEMA
CINEMA


