ഹിമാചലിന്റെ ‘ഹൃദയം’; പ്രകൃതിയൊരുക്കിയ വിസ്മയക്കാഴ്ചകളിലേക്ക് ഒരു യാത്ര!

പച്ചപ്പുനിറഞ്ഞ പൈൻ മരങ്ങൾ, മഞ്ഞു മൂടിയ മലനിരകൾ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന നദി. പറഞ്ഞുവരുന്നത് ഹിമാചൽ പ്രദേശിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളു എന്ന കൊച്ചുനഗരത്തെ കുറിച്ചാണ്. പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷം കൊണ്ടും സഞ്ചാരികളുടെ മനസുനിറയ്ക്കുന്ന കുളു ‘ദേവന്മാരുടെ താഴ്‌വര’ എന്നാണ് അറിയപ്പെടുന്നത്. നഗരത്തിരക്കുകളിൽ നിന്ന് മാറി അല്പം സമാധാനവും സാഹസികതയും ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയ്ക്കും കുളു ഒരു സ്വർഗമാണ്.
അപൂർവ്വയിനം ജീവജാലങ്ങളും ശാന്തമായ കാട്ടുപാതകളും നിറഞ്ഞ ഈ പ്രദേശം പ്രകൃതിസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമാകും സമ്മാനിക്കുക. കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമായ ബിജിലിയാണ് ഇവിടെത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഈ ക്ഷേത്രത്തിലേക്കുള്ള യാത്രയും അവിടെ നിന്നുള്ള കാഴ്ച്കളും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുളുവിലെ ഏറ്റവും പഴക്കമേറിയതും പ്രധാന്യമുള്ളതുമായ ക്ഷേത്രങ്ങളിലൊന്നായ രഘുനാഥ് ക്ഷേത്രമാണ് മറ്റൊരു ആകർഷണം. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടൊരിടമാണ് തീർത്ഥൻ വാലി നദിക്കര. ക്യാമ്പിംഗിനും ഫിഷിംഗിനും അനുയോജ്യമായ ഇടമാണിത്.
കുളുവിലെ മണികിരൺ ചൂടുനീരുറവകൾക്കും തീർത്ഥാടനത്തിനും പേരുകേട്ട സ്ഥലമാണ്. കുളുവിലെത്തുന്നവർ ഉറപ്പായും ഇവിടെയും സന്ദർശനം നടത്താറുണ്ട്. ഇനി സാഹസികത ഇഷ്ടപ്പെടുന്നവരെ കാത്ത് ബിയാസ് നദിയിലെ ആവേശം നിറഞ്ഞ റിവർ റാഫ്റ്റിംഗും മലനിരകളിലെ ട്രെക്കിംഗുമുണ്ട്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാവുന്ന ഒരിടമാണ് കുളു. എങ്കിലും മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലമാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. മഞ്ഞുവീഴ്ച്ചയും തണുപ്പും ആസ്വദിക്കണമെങ്കിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങൾ തിരഞ്ഞെടുക്കാം. കുളുവിൽ നിന്നും വെറും പത്ത് കിലോമീറ്റർ അകലെയുള്ള ഭുന്തറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. മാത്രമല്ല ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗവും ഇവിടെ എത്തിച്ചേരാം.
Source link


