AUTO

ടോൾ നൽകാതിരിക്കാൻ ഹൈടെക് വിദ്യ; ബാരിയര്‍ ഇല്ലാത്ത ടോൾ പ്ലാസകളില്‍ തട്ടിപ്പ് വ്യാപകം


ദേശീയപാതാ അതോറിറ്റിയുടെ ബാരിയര്‍ ഇല്ലാത്ത ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാതെ കബളിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. ആധുനിക സാങ്കേതികവിദ്യയുമായി സ്ഥാപിച്ച രാജ്യത്തെ രണ്ടാമത്തേയും ഡല്‍ഹിയിലെ ആദ്യത്തേയും തടസങ്ങളില്ലാത്ത ടോള്‍പ്ലാസയിലാണ് ടോള്‍ നല്‍കാതെ പോവുന്നവര്‍ അധികൃതര്‍ക്ക് തലവേദനയാവുന്നത്. അര്‍ബന്‍ എക്‌സ്റ്റന്‍ഷന്‍ റോഡ്-2 പദ്ധതിയുടെ ഭാഗമായി മുണ്ട്ക-ബക്കര്‍വാല റൂട്ടില്‍ സ്ഥാപിച്ച തടസങ്ങളില്ലാത്ത ടോള്‍ പ്ലാസയില്‍ ഓട്ടമാറ്റിക്കായി ടോള്‍ ഈടാക്കുന്ന ക്യാമറയില്‍ അധിഷ്ഠിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ പഴുതുകള്‍ മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകളാണ് വ്യാപകമാവുന്നത്. എന്നാല്‍ വാഹന ഉടമകള്‍ ടോള്‍ നല്‍കാതെ പോവാനുള്ള ഒരു സാധ്യതയായാണ് തടസങ്ങളില്ലാത്ത ടോള്‍ പ്ലാസയെ കാണുന്നത്. എന്‍എച്ച്എഐയുടെ ക്യാമറ കണ്ണുകളെ വെട്ടിച്ച് പോവാന്‍ പല മാര്‍ഗ്ഗങ്ങളാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കരിക്കുന്നത്. ടോള്‍പ്ലാസയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വിഭാവനം ചെയ്ത മള്‍ട്ടി ലൈന്‍ ഫ്രീഫ്‌ളോ സംവിധാനത്തിലെ പഴുതുകള്‍ മുതലെടുക്കാന്‍ വാഹന ഉടമകള്‍ തേടുന്ന മാര്‍ഗ്ഗങ്ങള്‍ എന്‍എച്ച്എഐക്കും ട്രാഫിക്ക് പൊലീസിനും ഒരുപോലെ തലവേദനയാവുകയാണ്. ഈ ടോള്‍പ്ലാസയില്‍ ഉപയോഗിച്ചിരിക്കുന്ന ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനത്തെ പൂര്‍ണമായും നിര്‍വീര്യമാക്കുന്ന പല തട്ടിപ്പു രീതികളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വാഹനങ്ങളുടെ അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ മനഃപ്പൂര്‍വം വരുത്തുന്ന മാറ്റങ്ങളാണ് തട്ടിപ്പുകാരുടെ ഒരു രീതി. ക്യാമറകള്‍ക്ക് അക്കങ്ങളും അക്ഷരങ്ങളും കൃത്യമായി വായിക്കാനാവാത്തവിധം രൂപമാറ്റം വരുത്തുന്നതാണ് ഒരു തട്ടിപ്പ്. നമ്പര്‍പ്ലേറ്റിലെ ഫോണ്ടുകളില്‍ ചെറിയ വ്യത്യാസം വരുത്തി ക്യാമറകളെ താല്‍ക്കാലികമായി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു തട്ടിപ്പ് രീതിയാണ് നമ്പര്‍ പ്ലേറ്റ് ഫ്‌ളിപ്പിങ്. ചില ആഡംബര സ്‌പോര്‍ട്‌സ് വാഹനങ്ങളിലും മറ്റും ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്പര്‍ പ്ലേറ്റ് മുകളിലേക്കോ താഴേക്കോ മറിയുന്ന റിമോട്ട് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടോള്‍ പരിധിയോ സ്പീഡ് ക്യാമറയോ പിന്നിട്ട ശേഷം ബട്ടണ്‍ ഞെക്കി പഴയപടിയാക്കുകയും ചെയ്യുന്നു. ചില വാഹന ഉടമകള്‍ ഫാസ്ടാഗുകള്‍ വിന്‍ഡ് സ്‌ക്രീനില്‍ കൃത്യമായി ഒട്ടിക്കാതെ കൈകളില്‍ കരുതുകയോ മാറ്റിവെക്കുകയോ ചെയ്യുന്നു. ഇത് ക്യാമറകള്‍ക്ക് വിന്‍ഡ്‌സ്‌ക്രീന്‍ സ്‌കാന്‍ ചെയ്ത് പണം ഈടാക്കുന്നത് അസാധ്യമാക്കും. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ദേശീയപാതാ അതോറിറ്റിയും പൊലീസും കൈക്കൊള്ളുന്നുണ്ട്. എങ്കിലും ഒരു ശതമാനത്തില്‍ താഴെ വാഹനങ്ങള്‍ ഇപ്പോഴും ഈ വിഭാഗത്തിലുള്ളവയാണെന്ന് കരുതപ്പെടുന്നു. 


Source link

Back to top button