NEWS
നീറ്റ് ആയി നടക്കട്ടെ: നീറ്റ് – യുജി പുനഃപരീക്ഷ ഇന്ന്, പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതൽ

ന്യൂഡൽഹി ∙ ചോദ്യച്ചോർച്ചയ്ക്കു പിന്നാലെ റദ്ദാക്കിയ നീറ്റ് –യുജിയുടെ പുനഃപരീക്ഷ ഇന്നു രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. 22 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 6.20 വരെ സമയം അനുവദിച്ചിട്ടുണ്ട്. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്കു പിന്നാലെ, ചോദ്യപ്പേപ്പർ ചോർന്നെന്ന വിവരം പുറത്തായതോടെയാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷ സുഗമമായി നടപ്പാക്കാനുള്ള തയാറെടുപ്പ് പൂർത്തിയായെന്ന് ദേശീയ പരീക്ഷാ ഏജൻസിയും ദേശീയ വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. ചോദ്യച്ചോർച്ച ആരോപിച്ച് ടെലിഗ്രാം ആപ് താൽക്കാലികമായി നിരോധിച്ചതിനിടയിലും വിപിഎൻ വഴി ടെലിഗ്രാമിലൂടെ വ്യാജ നീറ്റ് ചോദ്യക്കടലാസ് വിറ്റ പത്തൊൻപതുകാരൻ രാജസ്ഥാനിൽ പിടിയിലായി. പുനഃപരീക്ഷയ്ക്കായി അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ 11നും 1.30നും ഇടയിൽ റിപ്പോർട്ട് ചെയ്യണമെന്ന് എൻടിഎ അറിയിച്ചു. വൈകിയെത്തുന്നവരെ പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
Source link


