മീൻ കിട്ടാനേയില്ല, ഇനി കിട്ടുന്ന മീൻ നല്ലതാണോയെന്ന് ഉറപ്പുവരുത്തണ്ടേ? ഇങ്ങനെ ചെയ്തുനോക്കൂ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മത്സ്യവിഭവങ്ങൾ. എന്നാൽ മീനിന്റെ ലഭ്യത ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ‘പിടയ്ക്കുന്ന മീൻ’ എന്ന പേരിൽ വിപണിയിലെത്തുന്നവയിൽ ഭൂരിഭാഗവും നേരത്തെ സംഭരിച്ച് സൂക്ഷിച്ചവയാണ്. മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും ചികിത്സാസഹായം തേടുന്നതും കേരളത്തിൽ പതിവായി മാറിക്കഴിഞ്ഞു.
നമ്മൾ വിശ്വസിച്ച് വാങ്ങുന്ന മീനിൽ പലതും പഴകിയതും ഫോർമലിൻ ചേർത്തവയുമാണ്. കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ തിരികെയെത്താൻ ദിവസങ്ങൾ എടുക്കാറുണ്ട്. ഇവർ പിടികൂടുന്ന മത്സ്യങ്ങളെ ഫ്രീസറിൽ മൈനസ് 18 ഡിഗ്രി ഊഷ്മാവിൽ സൂക്ഷിക്കണമെന്നാണ് നിയമം. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തിലാണ് സൂക്ഷിക്കേണ്ടത്. പലപ്പോഴും ഇത്തരം നിയമങ്ങളൊന്നും പാലിക്കപ്പെടാറില്ല.
മൊത്ത വിൽപനക്കാർ, ഇടനില കച്ചവടക്കാർ, മാർക്കറ്റുകളിലെ മൊത്ത വിതരണക്കാർ എന്നിങ്ങനെ പലഘട്ടത്തിലും മീനിൽ രാസവസ്തുക്കൾ ചേർക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പക്ഷേ ഇത് നമുക്ക് തിരിച്ചറിയാനും കഴിയില്ല. മീൻ കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന അമോണിയ, ഫോർമലിൻ എന്നിവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഇവയടങ്ങിയ മീൻ കഴിക്കുന്നത് അൾസർ മുതൽ കാൻസർ വരെയുള്ള അസുഖങ്ങൾക്ക് കാരണമായേക്കാം.
മീനിൽ ചേർത്തിട്ടുള്ള അമോണിയ, ഫോർമലിൻ എന്നിവയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ആശ്രയിക്കുന്നത് ക്വിക് കിറ്റുകളെയാണ്. കിറ്റിലെ സ്ട്രിപ് മീനിന്റെ പുറത്ത് ഉരസിയ ശേഷം ഒരു ലായനിയിൽ ഇറക്കിവയ്ക്കുമ്പോൾ നിറവ്യത്യാസം ഉണ്ടായാൽ രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം. എന്നാൽ മീൻ സൂക്ഷിക്കുന്ന കണ്ടെയ്നറുകളിലും ഐസ് കട്ടയിലും ഉൾപ്പെടെ കലർത്തുന്ന രാസവസ്തുക്കൾ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കണ്ടെത്താൻ കഴിയുക.
വീട്ടിൽ വാങ്ങുന്ന മീനുകൾ പഴകിയതല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ഇത് തിരിച്ചറിയാൻ വഴികളുണ്ട്. പച്ചമീനിന്റെ ശരീരത്തിൽ സ്വാഭാവികമായ തിളക്കമുണ്ടാവും. മീനിന് ദുർഗന്ധമോ രാസഗന്ധമോ ഉണ്ടോ എന്ന് പരിശോധിക്കുക. മീനിന്റെ കണ്ണുകളിലെ തിളക്കം, ചികള പൂക്കളിലെ ചുവപ്പ് നിറം എന്നിവ പഴകിയ മീനിൽ ഉണ്ടാകില്ല. മീനിന്റെ ദശയിൽ വിരൽകൊണ്ട് അമർത്തിയാൽ അത് അകത്തേക്കു ചുരുങ്ങുകയാണെങ്കിൽ പഴയ മീനാണെന്ന് ഉറപ്പിക്കാം.
Source link


