NEWS
വിലങ്ങാടിന്റെ വേദന വി.ഡി.സതീശൻ മറന്നില്ല; പുനർനിർമാണത്തിന് 5 കോടിയുടെ പ്രത്യേക പാക്കേജ്

നാദാപുരം∙ വിലങ്ങാടിന്റെ പ്രതീക്ഷ കാത്ത് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. 2024ലെ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിന്ന വിലങ്ങാടിന്റെ വേദന നേരിൽ കണ്ട വി.ഡി.സതീശൻ ബജറ്റിൽ വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ പുനർനിർമാണം, ദുരിതബാധിതരുടെ പുനരധിവാസം, കാർഷിക മേഖലയുടെ പുനരുജ്ജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാതൃകകൾ സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമഗ്രവും സുസ്ഥിരവുമായ പുനർനിർമിതിയാണ് വിലങ്ങാട് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എൽഡിഎഫ് ഭരണ കാലത്ത് 5 മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥരും വിലങ്ങാട്ട് എത്തിയിരുന്നെങ്കിലും കോടികളുടെ നഷ്ടമുണ്ടായ വിലങ്ങാടിനു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല. മരിച്ച റിട്ട. ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ കുടുംബത്തിനുള്ള ധനസഹായവും വീടുകൾ നഷ്ടമായവർക്കുള്ള ധനസഹായവും അനുവദിച്ചത് ഒഴിച്ചാൽ വിലങ്ങാടിന്റെ പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കുന്ന കാര്യത്തിൽ തുടങ്ങി അത്യാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പോലും കാര്യമായി ഒന്നും ചെയ്തിരുന്നില്ല.
Source link


